മകളുടെ പുസ്തകം വാങ്ങി മടങ്ങവെ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം


 


കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്ന് പരാതി. ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 
ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ഇവർക്ക് തലയിടിച്ച് വീണ് പരുക്കേറ്റു. 
അരിപ്പൽ യുപി സ്കൂളിൽ നിന്ന് മകൾക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. 

റോഡിൽ ഏറെ നേരം കാത്തുനിന്നിട്ടും വാഹനമൊന്നും കിട്ടാഞ്ഞതിനാൽ ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്താണെന്നാണ് കരുതിയതെന്നും മാസ്ക് വെച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്നും ഇവർ പറഞ്ഞു. ഇയാൾ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് മനസ്സിലാക്കിയാണ് യുവതി ബൈക്കിൽ നിന്ന് എടുത്തുചാടിയത്. 

തലയ്ക്ക് പരിക്കേറ്റ  യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Previous Post Next Post