സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം; ഗൂഗിൾ ഫേസ്ബുക്ക് അധികൃതർ ഇന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണം





ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഗൂഗിളിനും ഫേസ്ബുക്കിനും നോട്ടീസ് അയച്ച് ഐടി വകുപ്പിന് കീഴിലുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി. 

സമിതി അധ്യക്ഷനായ കോൺഗ്രസ് എംപി ശശി തരൂരിന്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

 പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ട നയം അറിയാൻ വേണ്ടിയാണ് യോഗംചേരുന്നത്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റേയും തന്റേയും ട്വിറ്റർ അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് കമ്പനിയോട് വിശദീകരണം തേടുമെന്നും ശശി തരൂർ വ്യക്തമാക്കി. 

പാർലമെന്ററി സമിതിയുടെ മുമ്പാകെ ഹാജരാകണമെന്ന് ഫേസ്ബുക്കിന് ഉൾപ്പെടെ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും യോഗത്തിൽ പങ്കെടുക്കുന്നതിന് കമ്പനിയ്ക്ക് വിലക്കുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നേരിട്ട് തന്നെ ഹാജരാകണമെന്ന് പാർലമെന്ററി സമിതി താക്കീത് നൽകി.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഐടി നയങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും യോഗത്തിൽ നടക്കും. യൂട്യൂബ് ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളോടും ഉടൻ ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പാർലമെന്ററി സമിതി അറിയിച്ചു. നേരത്തെ ട്വിറ്ററും പാർലമെന്ററി സമിതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിനെ കമ്പനി യോഗത്തിൽ ന്യായീകരിക്കുകയായിരുന്നു. കൊറോണ പ്രതിസന്ധി മൂലമാണ് ചട്ടങ്ങൾ പാലിക്കാത്തത് എന്നും ട്വിറ്ററിന്റെ നയങ്ങളും കേന്ദ്ര സർക്കാർ നയങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കില്ല എന്നുമായിരുന്നു ട്വിറ്ററിന്റെ വിശദീകരണം

Previous Post Next Post