സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്: പ്രതിയെ ഡിവൈഎഫ്‌ഐ സംരക്ഷിക്കുന്നുവെന്ന് പരാതി


ജോവാൻ മധുമല 
ആറ്റുകാലില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സിപിഐഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കുന്നുവെന്ന് പരാതി. കേസില്‍ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലാത്ത പ്രതി ഡിവൈഎഫ്‌ഐ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടും യാതൊരുവിധ നടപടിയുമില്ലെന്നാണ് പരാതി. നേമത്തെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സായി കൃഷ്ണ തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി ഗോപിക എന്ന സിപിഐഎം പ്രവര്‍ത്തകയാണ് പൊലീസിനെ സമീപിച്ചിരുന്നത്. പരസ്യമായി മര്‍ദ്ദനമേറ്റിട്ടും പാര്‍ട്ടി തന്റെ കൂടെനിന്നില്ലെന്നും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നുമാണ് പരാതി.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎം സംരക്ഷണം നല്‍കില്ലെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. പരസ്യമായി മര്‍ദ്ദിച്ചിട്ടും പ്രതിക്ക് ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കിയെന്ന ആറ്റുകാലില്‍ നിന്നുള്ള പുതിയ പരാതി ഡിവൈഎഫ്‌ഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും സായി കൃഷ്ണയ്‌ക്കെതിരെ യാതൊരു നടപടിയും പൊലീസ് എടുത്തിട്ടില്ലെന്നാണ് ഗോപികയുടെ ആരോപണം. സിപിഐഎമ്മിന്റെ ചാലിയം ഏരിയ കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ യോഗത്തിലും സായി കൃഷ്ണ പങ്കെടുത്തുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തന്നെ സായി കൃഷ്ണ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി ഇല്ലാതായതോടെ ഗോപിക ഏപ്രില്‍ മാസം മാധ്യമങ്ങളെ കണ്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ ആഭ്യന്തരപ്രശ്‌നങ്ങളെ ചൊല്ലിയുള്ള വാക്തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനം. സായ് കൃഷ്ണയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നടപടിയെടുക്കാത്തതില്‍ ഗോപിക ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Previous Post Next Post