പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പൊലീസുമായി ഉന്തും തള്ളും



പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് സിപിഐഎമ ശുപാര്‍ശയില്‍ കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ജില്ലാ ആശുപത്രിക്ക് മുമ്പില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടക്കുന്നത്. പൊലീസ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. പൊലീസും പ്രതിഷേധകരും തമ്മില്‍ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.

പെരിയ കല്യോട്ടെയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്. ഇവരുടെ നിയമനത്തിനു പിന്നില്‍ സിപിഐഎം ശുപാര്‍ശയെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് വിവാദം ഉടലെടുത്തത്.

താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. സിപിഐഎം ഭരിക്കുന്ന കാസര്‍കോഡ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ സിപിഐഎം ശുപാര്‍ശ ചെയ്തിരുന്നതായി ആരോപണമുയരുന്നുണ്ട്.
Previous Post Next Post