പണം കിട്ടിയല്ലോ... പരാതി പിന്‍വലിക്കുമെന്ന് രാജപ്പന്‍



പ്രത്യേക ലേഖകൻ

കോട്ടയം: പണം കിട്ടിയല്ലോ... ആരെയും ദ്രോഹിക്കണമെന്നില്ല..., പരാതി പിന്‍വലിക്കും. വേമ്പനാട് കായലിന്റെ സംരക്ഷകന്‍ രാജപ്പന്റെ വാക്കുകളാണിത്. 

അനുവാദമില്ലാതെ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം സഹോദരി വിലാസിനി തിരികെ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാജപ്പന്റെ പ്രതികരണമാണിത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് 5,28000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അനുവാദം കൂടാതെ പണം പിന്‍വലിച്ചു എന്ന് ചൂണ്ടിക്കാട്ടി സഹോദരിക്കും കുടുംബത്തിനുമെതിരെ രാജപ്പന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പി ലെത്തുന്നത്. പണം തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന് രാജപ്പന്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹോദരിക്കുവേണ്ടി ബന്ധു ബാങ്കില്‍ എത്തി പണം തിരികെ നിക്ഷേപിച്ചത്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു സഹോദരി പിന്‍വലിച്ച 5.08 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ 20,000 രൂപയും ഉള്‍പ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

ചെറുവള്ളത്തില്‍ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യനിര്‍മ്മാര്‍ജനം നടത്തുന്ന കുമരകം ചീപ്പുങ്കല്‍ മഞ്ചാടിക്കരി നടുവിലേക്കരി വീട്ടില്‍ എന്‍.കെ. രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്ത് പരിപാ ടിയിലൂടെ പ്രശംസിച്ചതോടെയാണ് ഇദ്ദേഹത്തിന് കൂടുതല്‍ സഹായങ്ങള്‍ എത്തിയത്. ഇങ്ങനെ കിട്ടിയ പണം സൂക്ഷിക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ കുമരകം ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. 

കാലിന് സ്വാധീനമില്ലാത്തതിനാല്‍ ബാങ്ക് അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് സഹോദരി വിലാസിനിയെയും ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയത്. ഇതില്‍ പല സമയ ങ്ങളിലായി 21 ലക്ഷം രൂപയോളം എത്തുകയും ചെയ്തു. ഇതില്‍ നിന്നാണ് സഹോദരിയും മകനും ചേര്‍ന്ന് പണം പിന്‍വലിച്ചത്. സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തെന്നായിരുന്നു രാജപ്പന്‍ നല്‍കിയിരുന്ന പരാതി. 

 കേസുമായി രാജപ്പന്‍ മുമ്പോട്ട് പോകുന്നില്ലെന്ന് അറിയിച്ചതിനാല്‍ വിവരം കോടതിയെ ധരിപ്പിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

Previous Post Next Post