ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിന് പിന്നില്‍ നാലംഗസംഘമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്.

 


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിന് പിന്നില്‍ നിന്ന് നാലംഗസംഘമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. 

ജോണ്‍ ബ്രിട്ടാസ്, ഫാരിസ് അബൂബക്കര്‍ എന്നിവരുള്‍പ്പെടുന്ന അദൃശ്യശക്തിയാണ് മുഖ്യമന്ത്രിക്ക് പിന്നില്‍. കെ. സുധാകരനുള്ള മറുപടി ജോണ്‍ ബ്രിട്ടാസ് എഴുതി നല്‍കിയതാണ്. സുധാകരനെതിരെ പിണറായി നടത്തിയ പ്രസ്താവനകള്‍ ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ അത് കണ്ടവര്‍ക്കെല്ലാം അപമാനമുണ്ടാക്കി. സിപിഎം പിബി അംഗം എന്ന നിലയില്‍ എന്തും പറയാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണത്. പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നത്. ഒരു ലോക്കല്‍ സെക്രട്ടറിയുടെ മനസ്സാണിപ്പോഴും പിണറായിക്ക്. 

സിപിഎമ്മുകാരായ നല്ല മന്ത്രിമാരെപ്പോലും പിണറായി നശിപ്പിച്ചു. താന്‍ വിതച്ചത് താന്‍ തന്നെ കൊയ്യുകയാണ് പിണറായി ചെയ്യുന്നത്. പിണറായിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. 

കര്‍ഷകരുടെ കൃഷി ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് നീക്കണമെന്നതില്‍ സംശയമില്ല, പക്ഷേ ഇവിടെ നടന്നത് വ്യാപകകൊള്ളയാണ്. മരം മുറി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. കൂടാതെ പോലീസ് അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിലാകണം. 

ദൈവ വിശ്വാസത്തെയും പിണറായി വിജയന്‍ അപമാനിക്കുകയാണ്. നാസ്തികനായ പിണറായിയുടെ ദൈവ വിശ്വാസത്തോടുള്ള എതിര്‍പ്പാണ് ദേവാലയങ്ങള്‍ തുറക്കാത്തതിന് കാരണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

أحدث أقدم