കേരളത്തിലെ മരംകൊള്ള; സി.ബി.ഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ



തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയ ഭൂമിയിൽ നിന്നും മുറിച്ചു കടത്തിയ മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍. 50 സംഘടനകള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

2020 മാര്‍ച്ചിലെ മരംമുറി അനുവദിച്ചുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിവാദ സര്‍ക്കുലറും അതേ വര്‍ഷം ഒക്ടോബറിലെ വിവാദ ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകള്‍ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. റവന്യൂ-വനം മന്ത്രിമാരും അവരുടെ ഓഫിസുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരടക്കം മരം മുറിക്ക് അനുവാദം കൊടുത്ത് നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

മരം കൊള്ളയിലേക്ക് നയിച്ച കാരണങ്ങളും, സാഹചര്യങ്ങളും, അതില്‍ ഇടപെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പാര്‍ട്ടികളെയും അടക്കം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. അതപോലെ, ഇത്തരം സര്‍ക്കാര്‍ നടപടികള്‍ ആദിവാസികളുടെയും കര്‍ഷകരുടെയും പേരിലാണ് നടക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ മരം കൊള്ളയില്‍ ഏറ്റവുമധികം കബളിപ്പിക്കപ്പെട്ടതും കുടുങ്ങിയതും ഇവര്‍തന്നെയാണ്. ഇനിയും ഇങ്ങനെ ഇവരുടെ പേരും പറഞ്ഞുള്ള മരംകൊള്ളക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പരിസ്ഥിതി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകര്‍ക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന രീതിയില്‍ അവകാശപ്പെട്ട ഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള അവകാശം സുതാര്യമായി നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.


Previous Post Next Post