കേരളത്തിലെ ബിജെപി നേതൃത്വം ഒന്നടങ്കം രാജിവെക്കണം; പുതിയ നേതൃത്വത്തെ കൊണ്ടുവരണം’; പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോര്‍ട്ട് പുറത്ത്


കേരളത്തിലെ ബിജെപി നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകര്‍. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളോരാന്നായി എണ്ണെയണ്ണി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള ബിജെപി ഘടകത്തില്‍ അടുമുടി അഴിച്ചു പണി വേണമെന്നും കാമരാജ് പദ്ധതി സംസഥാന ഘടകത്തില്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും വന്ന വാര്‍ത്തകള്‍ ബിജെപി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തിന്റെ പരാജയം അക്കമിട്ടു നിരത്തുന്നുണ്ട്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ നേതാക്കളും രാജി വെച്ചൊഴിയണം. പുതിയ നേതൃത്വത്തെ കൊണ്ടു വരണം എങ്കില്‍ മാത്രമേ ബിജെപിക്ക് സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ചയ്ക്ക് സാധ്യതയുള്ളൂ. നിലവിലുള്ള നേതാക്കള്‍ക്ക് ദേശീയ തലത്തിലോ മറ്റോ ചുമതല നല്‍കുന്നതാണ് ഉചിതം. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണത്തില്‍ നിന്നും ഇവരെ പൂര്‍ണമായും മാറ്റണം.
ജനങ്ങള്‍ക്ക് മുന്നില്‍ വളരെ ക്രിയാത്മകമായ അജണ്ട മുന്നോട്ട് വെക്കാന്‍ നേതൃത്വത്തിന് കഴിയണം. നിലവില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് നേതൃത്വം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്. ജനങ്ങള്‍ക്ക് വിശ്വാസ്യ യോഗ്യമായ അജണ്ട മുന്നോട്ട് വെക്കാനാവണം. കേന്ദ്രമന്ത്രി വി മുരളീധരനുള്‍പ്പെടെയുള്ളവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അത് കേന്ദ്ര പദ്ധതിയാണെന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിനു് പകരം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസങ്ങളില്‍ ഇടപെടാനാണ് താല്‍പര്യം കാണിക്കുന്നത്.
സംസ്ഥാന ഘടകത്തില്‍ അഴിമതി വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫണ്ട് തെരഞ്ഞെടുക്കുന്ന മണ്ഡലങ്ങളില്‍ ചിലവഴിക്കുന്നു പോലുമില്ല. ആ പണം എവിടെ പോയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ്. അത് ചിലര്‍ കൈക്കലാക്കുന്നു. അതിലെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ അന്വേഷണം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവണം. താഴെത്തട്ടില്‍ വോട്ട് മറിക്കാന്‍ ചില നേതാക്കളെങ്കിലും പണം വാങ്ങുന്നു.
പിപി മുകുന്ദന് ശേഷം സ്വാധാന ശക്തിയുള്ള ഒരു ബിജെപി നേതാവിനെ കൊണ്ടുവരാന്‍ സംസ്ഥാന ഘടകത്തിന് കഴിഞ്ഞിട്ടില്ല. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന നേതാവില്ല. ഇക്കാര്യത്തില്‍ സംഘപരിവാറിന്റെയും മറ്റും കൂടുതല്‍ സഹായം തേടാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Previous Post Next Post