സി പി എം പ്രതിരോധം മതിയാവില്ല; ക്വട്ടേഷന്‍ സ്വര്‍ണത്തില്‍ മൂന്നിലൊന്ന് ‘പാര്‍ട്ടിക്കെന്ന്’ ശബ്ദസന്ദേശം പുറത്ത്.



Jowan Madhumala 
കണ്ണൂര്‍/ ക്വട്ടേഷന്‍ ടീമുമായി ബന്ധമുണ്ടെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ള ആയുധം സി പി എമ്മിന് മതിയാവില്ല. മലബാര്‍ മേഖല കേന്ദ്രീകരിച്ച് സി പി എം ബന്ധമുള്ള ലോബി നടത്തുന്ന സ്വര്‍ണ്ണക്കടത്തിലും ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള കൂടുതല്‍ പങ്കാണ് പുറത്തുവരുന്നത്. പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ക്വട്ടേഷനില്‍ പങ്കുണ്ടെന്ന് വെളിവാക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മാതൃഭൂമി ചാനലാണ് ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

ഇതില്‍ തട്ടിയെടുക്കുന്ന സ്വര്‍ണ്ണം മൂന്നായി പങ്കിടുമെന്നും അതില്‍ ഒരു പങ്ക് ‘പാര്‍ട്ടി’ക്കാണെന്നും അത്‌കൊണ്ട് തന്നെ ഒന്നും പേടിക്കേണ്ടെന്നും പറയുന്നുണ്ട്. പാര്‍ട്ടിയെന്ന് ഉദ്ദേശിക്കുന്നത് ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന ടീമിനെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു പങ്ക് കൊടുത്താല്‍ പിന്നെ ഒരു അന്വേഷണം ഉണ്ടാകില്ലെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്തുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ക്വട്ടേഷന്റെ സംഘാംഗങ്ങള്‍ പാര്‍ട്ടിക്കാരല്ലെന്നും ഇത്തരക്കാരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സി പി എം ആണയിടുമ്പോഴാണ് തട്ടിയെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ മൂന്നിലൊരുഭാഗം കൈപ്പറ്റുന്നത് പാര്‍ട്ടിയുടെ സ്വന്തക്കാരായ കൊടി സുനിയും മുഹമ്മദ് ഷാഫിയുമാണെന്ന് വെളിവായിരിക്കുന്നത്.

സ്വര്‍ണ്ണം കൊണ്ടുവരുന്നവരില്‍ നിന്നും അത് തട്ടിയെടുക്കുന്ന പരിപാടിക്ക് പൊട്ടിക്കല്‍ എന്നാണ് ഇട്ടിരിക്കുന്ന പേര്. കൊണ്ടുവരുന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന് മുന്നോടിയായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തിലെ ക്വട്ടേഷന്‍ ടീം കടത്തുകാര്‍ക്ക് പൊട്ടിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുന്ന ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട പ്രതികളായ കൊടി സുനി, മുഹമന്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതില്‍ ഇടപെടുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ തങ്ങളുടെ ടീം നിന്നെ കൂട്ടാന്‍ വരുമെന്നും നീ വന്ന് വണ്ടിയില്‍ കയറിയാല്‍ മതിയെന്നും ഷാഫിക്കയോ ജിജോ തിയ്യങ്കരിയോ രജീഷ് തില്ലങ്കരിയോ ഇവരില്‍ ആരെങ്കിലും രണ്ടുപേര്‍ ഉണ്ടാവുമെന്നും പിന്നെ തന്റെ ഒരു അനിയനും ഉണ്ടാകുമെന്നും മൂന്നില്‍ ഒരുഭാഗം പാര്‍ട്ടിക്ക് നല്‍കുന്നതിനാല്‍ താന്‍ സെയ്ഫായിരിക്കുമെന്നും പറയുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ എന്നും അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്ക് കൊടുക്കുന്നതെന്നും ഇത് നിന്നെ പ്രൊട്ടക്ട് ചെയ്യാനാണെ ന്നും പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് പറഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.

ആരാണ് ഓഡിയോ അയച്ചതെന്നോ ആര്‍ക്കാണ് കിട്ടിയതെന്നോ പറയുന്നില്ലെങ്കിലും പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശം സി പി എമ്മിനെ ഉലയ്ക്കുമെന്നുറപ്പാണ്. തങ്ങള്‍ക്ക് ഇതുമായൊന്നും ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഓരോ ദിവസവും പ്രതിരോധത്തിലാക്കി കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Previous Post Next Post