നാട്ടില്‍ നടക്കുന്നതിനെല്ലാം സിപിഐഎം ഉത്തരവാദിയാണെന്ന് വരുത്താന്‍ മാധ്യമ ഗൂഢാലോചന, ഇതിന് മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്: വിജയരാഘവന്‍




രാമനാട്ടുകര അപകടത്തിലൂടെ വെളിവായ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിന് സിപിഐഎമ്മുമായി ബന്ധമെന്ന ആരോപണത്തോട് ക്ഷുഭിതനായി പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സിപിഐഎമ്മിനെതിരായി ചില മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് വിജയരാഘവന്‍ തിരിച്ചടിച്ചത്. പലവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വളരെ കൃത്യതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. തെറ്റായ കാര്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപ്പോള്‍ തന്നെ നടപടിയെടുത്ത് പോന്നിട്ടുമുണ്ട്. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സിപിഐഎമ്മിനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമ ഗൂഢാലോചന നടക്കുന്നത്. അതിന് മറുപടി പറയാന്‍ നിങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കരുതെന്നും വിജയരാഘവന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ ഉത്തരവാദിത്വം പാർട്ടിക്കല്ലെന്നും തെറ്റ് ചെയ്താല്‍ ശക്തമായ നടപടിയെന്നും പിണറായി നിലപാട് അറിയിക്കുകയായിരുന്നു.

നമ്മുടെ സമൂഹത്തില്‍ തെറ്റായ ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് ഗവണ്‍മെന്റ് ഇതേവരെ സ്വീകരിച്ചു വന്നിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞത്.  ഒരു ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. നമ്മുടെ സമൂഹത്തിലെ ആരെ എടുത്താലും മിക്കവര്‍ക്കും രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവും. അവരൊന്നും പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരാവണമെന്നില്ല. അതിന്റെ ഭാഗമായി ചില പ്രതികരണം നടത്തിയവരുമുണ്ടാവും. ഏത് അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ എന്നത് സര്‍ക്കാരിന്റെ പ്രശ്‌നമല്ല. തെറ്റ് ചെയ്തിട്ടുണ്ടോ? ആ കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കേസില്‍ ഇതുവരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വന്നിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post