സിനിമകഥയെ വെല്ലുന്ന ജീവിത കഥ. ആനി ശിവ ഇനി എസ് ഐ ആനി ശിവ





വർക്കല :  സിനിമകഥയെ വെല്ലുന്ന ജീവിത കഥ. ആനി ശിവ ഇനി എസ് ഐ ആനി ശിവ.
പത്തുവര്‍ഷം മുമ്പ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെണ്‍കുട്ടി ഇന്ന് അതേ സ്ഥലം ഉള്‍ക്കൊള്ളുന്ന വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു.

ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെ നിന്നും അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനും പോയി സോഷ്യോളജിയിൽ ബിരുദം നേടി

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു.
 ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. 
ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി.

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. 

വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.

ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച്‌  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
എല്ലാ പ്രതിസന്ധികളെയും എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്ബോള്‍ അവള്‍ ഒരു ഐക്കണ്‍ ആവുകയാണെന്ന് വി. ഡി. സതീശൻ ഫേസ്‌ബുക്കില്‍ കുറിച്ചു.


Previous Post Next Post