ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ദഹിപ്പിച്ചു, കൊവിഡ് ബാധിച്ച് മരിച്ചെന്നു ബന്ധുക്കളോട് പറഞ്ഞു.പ്രതി അറസ്റ്റിൽ




യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ദഹിപ്പിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയിലായി. ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചെന്നും മൃതദേഹം ആശുപത്രിയില്‍ ദഹിപ്പിച്ചെന്നുമായിരുന്നു ഇയാള്‍ വീട്ടുകാരേയും അയല്‍വാസികളേയും ധരിപ്പിച്ചത്. ഹൈദരാബാദ് എസ്.വി.ആര്‍.ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ആശുപത്രിക്ക് സമീപത്തു നിന്ന് അഞ്ച് ദിവസം മുന്‍പാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ചിറ്റൂര്‍ രാമസമുദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ ടി പ്രൊഫഷണലാണ് തിരിച്ചറിഞ്ഞു. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഡിയാണെന്നും അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. ആശുപത്രി പ്രദേശത്തെ സിസി ടിവിയില്‍ മൃതദേഹം കൊണ്ടുവന്ന സ്യൂട്ട് കേസിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതോടെയായിരന്നു അറസ്റ്റ്.


ചിറ്റൂരിലെ രാമസമദ്രം നിവാസിയായ ഭുവനേശ്വരി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന കടപ്പയിലെ ശ്രീകാന്ത് റെഡ്ഡിയെ 2019 ലാണ് ഭുവനേശ്വരി വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുണ്ട്. ലോക്ഡൗണ്‍ സമയത്ത് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ തിരുപ്പതിയി ലേക്ക് താമസം മാറ്റിയിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ വിഷാദത്തിന് അടിപ്പെട്ട ശ്രീകാന്ത് മദ്യത്തിലേക്ക് തിരിഞ്ഞു. ഇതോടെ അവരുടെ ജീവിതത്തില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും വഴക്കും പതിവായിരുന്നു.

ജൂണ്‍ 22ന് രാത്രിയില്‍ ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് ശ്രീകാന്ത് ഭുവനേശ്വരിയെ അടിച്ചു. രൂക്ഷമായ മര്‍ദനത്തെ തുടര്‍ന്ന് ഭുവനേശ്വരി കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ ജഢം സ്യൂട്ട് കേസിലാക്കി ഒളിപ്പിച്ചു. പിന്നീട് ടാക്‌സി വാടകയ്‌ക്കെടുത്ത് മൃതദേഹം ആശുപത്രി വളപ്പില്‍ എത്തിക്കുകയും സ്യൂട്ട്‌കേസില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയും ചെയ്തു.

വീട്ടിലെത്തിയ ശ്രീകാന്ത് ഭാര്യയ്ക്ക് കൊവിഡ് 19 ന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് ബാധിച്ചതായി കുടുംബത്തോടും ഭുവനേശ്വരിയുടെ വീട്ടുകാരോടും കള്ളം പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച് ഭുവനേശ്വരി മരിച്ചതായും മൃതദേഹം ആശുപത്രി ജീവനക്കാര്‍ സംസ്‌കരിച്ചതായും അയാള്‍ വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രി വളപ്പില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ആളെ മനസ്സിലായതോടെ കേസിന് തുമ്പുണ്ടാകുകയും പ്രതി പിടിയിലാകുകയും ചെയ്യുകയായിരുന്നു.

 
Previous Post Next Post