കോണ്‍ഗ്രസ് കൊടുങ്കാറ്റായി തിരിച്ചുവരും: സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.


ജോവാൻ മധുമല 


തിരുവനന്തപുരം: ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റായി തിരിച്ചു വരുമെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് തകര്‍ന്നു എന്നും കുഴിച്ചുമൂടപ്പെട്ടു എന്നുമൊക്കെ എതിരാളികള്‍ വിലപിച്ച കാലത്തെല്ലാം വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയ ചരിത്രമാണ് ഈ പാ‍ര്‍ട്ടിക്കുള്ളത്. അത് ആവര്‍ത്തുക്കുമെന്നും പുതിയ പ്രസിഡന്‍റ് കെ.സുധാകരന് ചുമതലകള്‍ കൈമാറിയ ശേഷം ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.

രണ്ടര വര്‍ഷം മുന്‍പ് താന്‍ കെപിസിസിയുടെ അധ്യക്ഷതനായി ചുതലയേറ്റപ്പോഴും ഇതായിരുന്നു അവസ്ഥ. എല്ലാ തലത്തിലും പാര്‍ട്ടി അവഗണിക്കപ്പെട്ടു. എന്നാല്‍ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സമ്പൂര്‍ണ സഹകരണത്തോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തനിക്കു കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപതു സീറ്റും നേടണമെന്നായിരുന്നു ലക്ഷ്യം വച്ചത്. എന്നാല്‍ 19 സീറ്റുകളും വിജയിക്കുകയും രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് എംപിമാരെ സൃഷ്ടിക്കുകയും ചെയ്യാന്‍ കെപിസിസിക്കു കഴിഞ്ഞു.


 
പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉദ്ദേശിച്ച വിജയം നേടാനായില്ല. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യ രാഷ്‌ട്രീയ സഖ്യമായിരുന്നു അതിനു കാരണം. ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പലരും തന്നെ പരിഹസിച്ചു. എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ വരെ ഇക്കാര്യം തുറന്നു പറഞ്ഞത് മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനായില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം എല്‍ഡിഎഫിനെക്കാള്‍ വോട്ട് വിഹിതം കൂടിയത് യുഡിഎഫിനാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ 0.26 ശതമാനം വോട്ട് മാത്രമാണ്. ഇത് മറികടക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രണ്ടര വര്‍ഷത്തിനു മുന്‍പ് താന്‍ നടത്തിയ ജനമഹായാത്രയില്‍ നിന്നു ലഭിച്ച നാണയത്തുട്ടുകളാണ് കെപിസിസിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹായിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനഫണ്ട് കൂടി ബാക്കി വച്ചാണു താന്‍ പടിയിറങ്ങുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Previous Post Next Post