കാമുകനെ മർദിക്കുന്നതിന് ക്വട്ടേഷൻ; ആശുപത്രിയിൽ ഒളിവിൽ കഴിഞ്ഞ കാമുകിയും ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിൽ




ചാത്തന്നൂർ : കാമുകനെ മർദിക്കുന്നതിന് നാൽപ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ യുവതിയും ക്വട്ടേഷൻ സംഘാംഗങ്ങളും പോലീസ് പിടിയിലായി.

മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (ചിഞ്ചുറാണി-30), ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസസരസിൽ അനന്ദു (21), അയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരാണ് പിടിയിലായത്. നാല് പ്രതികൾ ഒളിവിലാണ്.

ലെൻസിയുടെ കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതമിനെയും സുഹൃത്ത് വിഷ്ണുവിനെയും ക്വട്ടേഷൻ നൽകി മർദിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത്: കൊട്ടിയത്തെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ശാസ്താംകോട്ട സ്വദേശി ഗൗതമും സുഹൃത്ത് വിഷ്ണുവും.  ഔദ്യോഗിക ആവശ്യത്തിന് ലെൻസി ലോറൻസുമായി പരിചയപ്പെട്ട ഗൗതം ഇവരുമായി അടുപ്പത്തിലായി. കുറച്ചുനാൾമുൻപ് ഗൗതവുമായി പിണങ്ങിയ ലെൻസി പിന്നീട്  വിഷ്ണുവുമായി അടുത്തു.

തുടർന്ന് ഗൗതമിനെ അപായപ്പെടുത്തു ന്നതിനായി വർക്കല സ്വദേശിയും വിഷ്ണുവിന്റെ സഹോദരനുമായ അനന്ദു പ്രസാദിന് ക്വട്ടേഷൻ കൊടുത്തു. പതിനായിരം രൂപ അഡ്വാൻസും നൽകി.

തന്റെ കൂട്ടുകാർ കാണാനെത്തുമെന്നും അവരോടൊപ്പം പോയി തനിക്കുകിട്ടാനുള്ള പണം വാങ്ങണമെന്നും ലെൻസി ലോറൻസ് വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ 14-ന് ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്നു ക്വട്ടേഷൻ സംഘം വിഷ്ണുവിനെ വിളിച്ചുകൊണ്ടുപോയി. ഗൗതമിനെ വിളിച്ചുവരുത്താൻ വിഷ്ണു പ്രസാദിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെത്തുടർന്ന് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി മർദിച്ചു.

ഒടുവിൽ വിഷ്ണു ഗൗതമിനെ അയിരൂരിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഗൗതമിനെയും ക്വട്ടേഷൻ സംഘം മർദിക്കുകയും മൊബൈൽ ഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു.  ഇതിനെ തുടർന്ന് വിഷ്ണു പ്രസാദും ഗൗതമും ചാത്തന്നൂർ പോലീസിൽ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

ശാസ്താംകോട്ടയിലെ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ഒളിവിൽക്കഴിഞ്ഞ ലെൻസിയെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. 


Previous Post Next Post