തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി; കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ബിജെപി അംഗത്വം ഉപേക്ഷിച്ചു; പൊട്ടിത്തെറി



ജോവാൻ മധുമല 
തെരഞ്ഞെടുപ്പ് ഫണ്ട് വകമാറ്റിയെന്ന ആക്ഷേപത്തിന് പിന്നാലെ കരുനാഗപ്പള്ളി ബിജെപിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയില്‍ നിന്നും ലഭിച്ച ഫണ്ട് സ്ഥാനാര്‍ഥിയും ചില നേതാക്കളും ചേര്‍ന്ന് വകമാറ്റിയെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധമറിയിച്ച് നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബിജെപി അംഗത്വം രാജിവെച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുമെന്നാണ് സൂചന.

കരുനാഗപ്പള്ളി ഉള്‍പ്പെടെ കൊല്ലത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഫണ്ടായി വലിയ തുക എത്തിയിരുന്നുവെന്നാണ് പ്രതിഷേധിക്കുന്ന ബിജെപി അംഗങ്ങള്‍ പറയുന്നത്. ചാത്തന്നൂര്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായിരുന്നതിനാല്‍ സമാനമായ രീതിയില്‍ കരുനാഗപ്പള്ളിയിലേക്കും ഫണ്ട് ഒഴുകിയെത്തി. നാല് ലക്ഷം രൂപ സ്ഥാനാര്‍ഥി തന്നെ തിരിമറി നടത്തിയെന്ന് വിമതര്‍ പറയുന്നു. പണ്ട് തിരിമറി ആരോപണം കൂടാതെ ബിജെപി വോട്ട് മറ്റ് പാര്‍ട്ടികള്‍ക്ക് മറിച്ചുവെന്ന ആരോപണവും വിമതര്‍ ഉന്നയിക്കുന്നുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വെറും 12144 വോട്ട് മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

കോഴ വിവാദത്തെത്തുടര്‍ന്ന് വയനാട്ടില്‍ ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായ പശ്ചാത്തലത്തില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. അതിനാല്‍ കരുനാഗപ്പള്ളിയിലെ വിവാദം പുറത്തറിയാതിരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാത്തതില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്ന വിമതര്‍ താക്കീത് മറികടന്ന് എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് വിമതര്‍ പറയുന്നത്.
Previous Post Next Post