ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് മാറ്റാന്‍ പ്രഫുലിന്റെ ശുപാര്‍ശ; നീക്കം നിരവധി പരാതികള്‍ പരിഗണിക്കാനിരിക്കെയാണ് ശുപാർശ


കൊച്ചി: കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലേക്ക് വിട്ടു. കര്‍ണ്ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് ദ്വീപിനെ മാറ്റാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്.

അഡ്മിനിസ്‌ട്രേഷനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിരവധി പരാതികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടെ കൂടിയാണ് നടപടി.

ഈ വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയും പൊലീസ്, ദ്വീപുകളിലെ പ്രാദേശിക ഭരണകൂടത്തിനെതിരായും 11 റിട്ട് പെറ്റീഷനുകള്‍ ഉള്‍പ്പെടെ 23 അപേക്ഷകളാണ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്വീപില്‍ ‘ഗുണ്ട ആക്ട്’ നടപ്പാക്കുക, റോഡുകള്‍ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിയൊഴിപ്പിക്കുക എന്നീ വിവാദ തീരുമാനങ്ങളും ഇതിലുള്‍പ്പെടുന്നു.

അതേസമയം, ഇത്തരമൊരു നീക്കത്തെക്കുറിച്ച് മെയ് 24 ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എം പി ചൂണ്ടിക്കാട്ടിയിരുന്നു. കേരളവുമായിട്ടുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതിന്റെ ഭാഗമായി മംഗലാപുരം ഹൈക്കോടതിയിലേക്ക് ദ്വീപിനെ മാറ്റി ലിങ്കുചെയ്യാനുള്ള നടപടികള്‍ നടക്കുന്നു എന്നായിരുന്നു എംപി അന്ന് പറഞ്ഞത്.

അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കവരത്തി പൊലീസ് ആസ്ഥാനത്ത്‌ നടക്കുന്ന ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ പിന്നിട്ടു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. പിന്നീട് എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഐഷയെ എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് സൂചന. ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പ്രയോഗം നടത്തിയതിനെതിരെ ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്.
Previous Post Next Post