വനിതാ കമ്മിഷനെ മാത്രം നന്നാക്കിയാല്‍ നന്നാവുന്നതല്ല കേരളമെന്ന് നടന്‍ ഹരീഷ് പേരടി





തിരുവനന്തപുരം: വനിതാ കമ്മിഷനെ മാത്രം നന്നാക്കിയാല്‍ നന്നാവുന്നതല്ല കേരളമെന്ന് നടന്‍ ഹരീഷ് പേരടി. നാടക അക്കാദമി പോലുളള അക്കാദമികളെ കൂടി ശുദ്ധികരിച്ചാല്‍ മാത്രമേ കേരളം കേരളമാവുകയുള്ളു. 

സജീവമായി ഇപ്പോഴും നാടകത്തില്‍ നിലനില്‍ക്കുന്നവരും, മരിച്ചുപോയവരും ജീവനുള്ളവരുമായ നാടകക്കാരെ, ഈ മഹാമാരിയുടെ കാലത്തും അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നവരുമായ പച്ച നാടകക്കാരെ മാത്രം അക്കാദമിയുടെ തലപ്പത്ത് കാണാന്‍ ആഗ്രഹിക്കുന്നു. അല്ലാത്ത പക്ഷം നാടകം എന്താണെന്ന് കേരളം അറിയുമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് സംഗീത നാടക അക്കാദമിയില്‍ കേരളത്തിലെ നാടകക്കാര്‍ക്കും മറ്റ് കലാകാരന്‍മാര്‍ക്കും ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഒരു ഭരണമായിരുന്നു നടന്നത്.
രാമകൃഷണന്‍ വിഷയത്തില്‍ തുടങ്ങി, കൂടുതല്‍ കലാകാര വിരുദ്ധമായ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി  സമരം പോലും ഉണ്ടായത് ഇത്തരം സാഹചര്യത്തിലാണ്.
ഇനിയും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ നാടക അക്കാദമിയുടെ തലപ്പത്തേക്ക് അതിന് യോഗ്യതയുള്ള ചെറുപ്പക്കാരായ നാടകക്കാരെ തിരഞ്ഞെടുത്തെ പറ്റു. അല്ലാതെ എന്നോ നാടകം കളിച്ച ഒരു മനുഷ്യന്റെ അയല്‍പക്കക്കാരനായതിന്റെ പേരില്‍ ഏതെങ്കിലും കച്ചവട സിനിമക്കാരെ കുടിയിരുത്താനുള്ള സ്ഥലമല്ല അത്. നാടകത്തിന്റെ ശ്വാസം മാത്രം കഴിച്ചു ജീവിച്ച്‌ എത്രയോ മനുഷ്യരുള്ള ഈ നാടക കേരളത്തില്‍ എന്തിനാണ് സിനിമയില്‍ നിന്ന് ഒരു കുടിയിരുത്തല്‍ എന്നും ഹരീഷ് ചോദിക്കുന്നു.


Previous Post Next Post