തെരഞ്ഞെടുപ്പിൽ സിപിഎം ഒഴുക്കിയ ഹവാല പണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി



തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. ഒല്ലൂരിൽ കവർച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിന്റേതാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയോട് ബിജെപി ആവശ്യപ്പെട്ടു.

തൃശൂർ ജില്ലയിലെ ഒല്ലൂരിൽ സിപിഎം സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടത്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കും കേസുമായി ബന്ധമുണ്ട്. എന്നാൽ പോലീസ് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സിപിഎം വീണ്ടും അധികാരത്തിലെത്തിയതോടെ കടുത്ത രാഷ്ട്രീയ പ്രേരണയിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ലോക്കൽ പോലീസ് നടത്തുന്നതെന്നും പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ കോടികളാണ് കേരളത്തിൽ ഒഴുക്കിയത്. ഒന്നേകാൽ കോടിയോളം രൂപയുടെ അനധികൃത പണമാണ് പോലീസ് കണ്ടെത്തിയത്. എന്നാൽ നാല് കോടിയോളം രൂപയാണ് ഇവർ കടത്തിയതെന്നും ഈ പണത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർഎസ് രാജീവാണ് പരാതി നൽകിയത്.


Previous Post Next Post