തെങ്കാശിയിൽ മനുഷ്യന്റെ തലയോട്ടിയും മാംസവുമായി ഉത്സവം; 11 പേര്‍ക്കെതിരെ കേസ്.



തെങ്കാശി/ മനുഷ്യമാംസം ഭക്ഷിച്ചും തലയോട്ടി ഉയര്‍ത്തിക്കാട്ടിയും ഉത്സവം ആഘോഷിച്ച സംഭവത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെ കേസ്. തെങ്കാശിയിലെ കല്ലുറാണി എന്ന ഗ്രാമത്തില്‍ കാട്ടുകോവിലിലെ ശക്തി പോത്തി ചുടലമാടസാമി ക്ഷേത്രത്തിലാണ് വിചിത്ര രീതിയിലുള്ള ഉത്സവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ക്ഷേത്രം അധികാരികള്‍ക്കും സാമിയാടികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
ഉത്സവത്തിനിടെ സാമിയാടികള്‍ മനുഷ്യമാസം ഭക്ഷിച്ചുവെന്നാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്കൊപ്പം ഉറഞ്ഞുതുള്ളുന്ന വിഭാഗമാണ് സാമിയാടികള്‍. ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് തലയോട്ടി ഉയര്‍ത്തി നൃത്തം ചെയ്യുന്ന സാമിയാടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്കൊന്നും ഓര്‍മയില്ലെന്നും ദൈവം തങ്ങളുടെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് അങ്ങനെ നടന്നതെന്നുമാണ് സാമിയാടികള്‍ പൊലീസിനോട് പറഞ്ഞത്. 2019ലും സമാനരീതിയില്‍ മനുഷ്യ തലയോട്ടിയും ഒരു കൈയുമായി സാമിയാടികള്‍ ഇവിടെ പൂജ നടത്തിയിരുന്നു.


Previous Post Next Post