യൂറോപ്പിനു പിന്നാലെ ചൈനയിലും പ്രളയം; 12 മരണം


സെന്‍ട്രല്‍ ചൈനയിലുണ്ടായ കനത്ത പ്രളയത്തില്‍ 12 പേര്‍ മരിച്ചു. ഒരു ലക്ഷത്തിലേറെ പേരെ വീടുകളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. ഹെനാന്‍ പ്രവിശ്യയുള്‍പ്പെടെ രാജ്യത്തെ ഒരു ഡസനോളം നഗരങ്ങളെ പ്രളയം ബാധിച്ചു. 9 കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന ഹനാന്‍ പ്രവിശ്യയെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രവിശ്യയിലെ വിമാന യാത്രകളും ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. രാജ്യത്തെ ഡാമുകളില്‍ ക്രമാതീതമായ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളിലേക്കുള്ള നദിയൊഴുക്ക് വഴി തിരിച്ചു വിടാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഷെന്‍ഗ്‌സുയില്‍ 700 ഓളം യാത്രക്കാര്‍ 40 മണിക്കൂറോളം ട്രെയിനില്‍ കുടുങ്ങിക്കിടന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഇലക്ട്രിസിറ്റി പോയതു മൂലം 600 ഓളം രോഗികളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരുന്നു. വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്രളയത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ മുന്‍ഗണന കൊടുക്കണമെന്ന് എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചതായി പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു.

സമാനമായ കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രളയം ദുരന്തം വിതച്ചിരുന്നു. ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ജര്‍മ്മനിയില്‍ 157 പേരാണ് മരിച്ചത്.
Previous Post Next Post