കൊറോണ മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടമായി കേരളത്തിൽ മടങ്ങിയെത്തിയത് 15 ലക്ഷത്തോളം പ്രവാസികൾ.




തിരുവനന്തപുരം : കൊറോണ മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടമായി കേരളത്തിൽ മടങ്ങിയെത്തിയത് 15 ലക്ഷത്തോളം പ്രവാസികൾ. ഇതിൽ 10 ലക്ഷത്തോളം പേരെയാണ് തൊഴിൽ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 18 നാണ് സർക്കാർ ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തിറക്കിയത്. കേരളത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാസി സമൂഹത്തിലെ വലിയ പങ്ക് ആളുകൾ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയിരിക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇതിൽ ഭൂരിഭാഗം പേർക്കും തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കണക്കുകൾ പ്രകാരം കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ 27 ലക്ഷം പേരാണ് വന്നിട്ടുള്ളത്. മെയ് 2020 മുതലുള്ള 12 മാസക്കാലത്തെ കണക്കുകളാണിത്.

നോർക്കയുടെ കണക്കുകൾ പ്രകാരം 14,63,176 ആളുകളാണ് ഇക്കാലയളവിൽ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതിൽ 10,45,288 ആളുകൾക്ക് ജോലി നഷ്ടമായി. ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2.90 ലക്ഷം പേർ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാൽ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിർന്നവരും ഗർഭിണികളുമടങ്ങുന്ന സമൂഹവും ഇതിലുൾപ്പെടും.

യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ 96 ശതമാനവും. ഇതിൽ യുഎഇയിൽ നിന്നു മാത്രമെത്തിയത് 8.67 ലക്ഷം ആളുകളാണ്. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയത് 55,960 പേർ മാത്രമാണ്. എന്നാൽ നാട്ടിലേക്ക് വന്നവരിൽ എത്രപേർ തിരിച്ചുപോയിട്ടുണ്ടെന്ന് സർക്കാർ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് നോർക്ക റിക്രൂട്ട്മെന്റ് മാനേജർ അജിത് കൊളശേരി പറഞ്ഞു.


Previous Post Next Post