കേന്ദ്ര മന്ത്രിസഭയ്ക്ക് യുവത്വത്തിന്റെ പരിവേഷം; 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃ​സംഘടിപ്പിച്ചു




ന്യൂഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ വികസനം ഇന്ന് വൈകുന്നേരം നടന്നു. രാഷ്ട്രപതി ഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പുതിയ മന്ത്രിമാർക്ക് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

 ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി യാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃ​സംഘടന നടത്തിയത്.
മലയാളിയായ രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. 

രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്.

വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന.
ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി. 

മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. 

ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, നിയമം-ഐ.ടി.വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. 

പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.
Previous Post Next Post