വയോധിക ദമ്പതികളുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി പരാതി




എരുമേലി : വയോധിക ദമ്പതികളുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി പരാതി. 

പമ്പാവാലി സ്വദേശികളായ വയോധിക ദമ്പതികളുടെ എടിഎം കാര്‍ഡാണ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചപ്പോഴാണ് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 15,500 രൂപ പിന്‍വലിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി..

ജൂണ്‍ 17 നാണ് എരുമേലി ടൗണിലെ രണ്ട് ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ നിന്നും നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കപ്പെട്ടത്. ‍എരുമേലി ടൗണിലെ എടിഎം കൗണ്ടറില്‍ നിന്നും നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് ഹെല്‍മെറ്റും മാസ്‌കും ധരിച്ച ഒരു യുവാവ് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. 

എടിഎം കാര്‍ഡിന്റെ രഹസ്യ പിന്‍ നമ്പര്‍ അറിയാവുന്ന ആരോ കാര്‍ഡ് മോഷ്ടിച്ചതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.ഫിറോസിന്റെ നേതൃത്വത്തില്‍ എടിഎം കൗണ്ടര്‍ പരിശോധിക്കുകയും സിസി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ‍

ദൃശ്യങ്ങൾ തെളിവിനായി ശേഖരിക്കുന്നതിന് വേണ്ടി ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‍കൂടുതല് ദൃശ്യങ്ങള്‍ ലഭിക്കുന്നതോടെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്. വിദേശത്തുള്ള മക്കള്‍ വീട്ടുചെലവിനായി അയക്കുന്ന പണം ദമ്പതികള്‍ എടിഎം മുഖേനെയാണ് എടുത്തിരുന്നത്.

Previous Post Next Post