കൊടകര കുഴല്‍പ്പണം; രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. ഇനിയും സമയം വേണമെന്ന് ധർമ്മരാജൻ കോടതിയിൽ



കൊടകര കുഴല്‍പ്പണകവര്‍ച്ചക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ധര്‍മ്മരാജന്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് രേഖകള്‍ ഹാജറാക്കാന്‍ ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ഈ മാസം 17ലേക്ക് മാറ്റി.
അതേസമയം, കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി സമര്‍പ്പിച്ച പാലക്കാട്ടെ സംഘടന പതിനായിരം രൂപ ചെലവ് കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.
ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന കേസില്‍ പ്രസീത അഴീക്കോടുമായുള്ള തെളിവെടുപ്പ് അന്വേഷണസംഘം പൂര്‍ത്തിയാക്കി. പണം കൈമാറിയ ഹോം സ്‌റ്റേയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ബിജെപിക്കെതിരായ ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും പ്രസീത തെളിവെടുപ്പിന് ശേഷം പറഞ്ഞു.


Previous Post Next Post