സ്റ്റാന്‍ സ്വാമിയെ കൊന്നതാണ് ബിജെപിക്കുനേരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന



ഭീമാ കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട്  യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമിയെ  ജയിലറയിലിട്ട് കൊന്നതാണെന്ന രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സജ്ഞയ് റാവത്ത്. ഒരു 84കാരനെ സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്ന ചോദ്യമെറിഞ്ഞുകൊണ്ടായിരുന്നു ബിജെപിക്കുനേരെ സജ്ഞയ് റാവത്തിന്റെ വിമര്‍ശനം. ഒരു 84കാരനായ വൃദ്ധന്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്ന് ചോദിച്ച സജ്ഞയ് ഇവിടെ ഏകാധിപത്യന്റെ വേര് ആഴ്ന്നിറങ്ങിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഹിറ്റ്‌ലറിന്റേയും മുസോളിനിയുടേയും മാനസിക നിലവാരത്തിലേക്ക് ഇന്ത്യയുടെ ഭരണകൂടം തരംതാഴരുതെന്നും സജ്ഞയ് റാവത്ത് ഓര്‍മ്മിപ്പിച്ചു.
ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഭയന്നിരുന്നത് കൂടി സൂചിപ്പിച്ചുകൊണ്ടാണ് ശിവസേന ബിജെപിക്കുനേരെ ആഞ്ഞടിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയായിരുന്നു സ്റ്റാന്‍ സ്വാമിയുടെ ഭരണം ചൂണ്ടി സജ്ഞയ് റാവത്തിന്റെ വിമര്‍ശനം. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ അട്ടമറിക്കാനുള്ള ഗൂഢാലോചനയാണ് എന്ന് പറയുന്നത് ഏകാധിപത്യ പ്രവണതകൊണ്ടാണെന്ന് സജ്ഞയ് ലേഖനത്തില്‍ ഊന്നിപ്പറഞ്ഞു. മോദി സ്റ്റാന്‍ സ്വാമിയേയും വരവര റാവുവിനെയുമെല്ലാം ഭയക്കുകയാണെന്നും സജ്ഞയ് റാവത്ത് കുറ്റപ്പെടുത്തി.
മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യ നില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.
2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.
Previous Post Next Post