വീട്ടമ്മയെ പച്ചക്ക് കത്തിക്കാന്‍ ശ്രമിച്ചത് സി പി ഐ നേതാവിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘം.



ഇടുക്കി/വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സി പി ഐ നേതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം. ഇടുക്കി തൂക്കുപാലത്ത് പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയെയാണ് (68) ഒരുസംഘം ആളുകള്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പ്രതിസ്ഥാനത്ത് സി പി ഐ ആണെന്ന് തെളിഞ്ഞതോടെ കേസെടുക്കാന്‍ പൊലീസിന് താത്പര്യം ഇല്ലാതായി. സംഭവം പോലീസ് തന്നെ പറഞ്ഞു തീർത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്.
കേസില്‍ നെടുങ്കണ്ടം പഞ്ചായത്തംഗത്തേയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേല്‍, എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
അജീഷ് മുതുകുന്നേല്‍ സി പി ഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി അംഗവും എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഇയാളില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടായതിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അജീഷ് മുതുകുന്നേലിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി പി ഐ അറിയിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് തങ്കമണിയുടെ ഭര്‍ത്താവിന്റെ കടയുടെ മുന്നില്‍ രണ്ടുപേര്‍ തമ്മില്‍ വാട്‌സാപ് ചാറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. കടയുടെ മുന്നില്‍ നിന്നും വഴക്കുണ്ടാക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ ശശിധരന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു തങ്കമണിയമ്മയ്ക്ക് നേരെ ആക്രമണം നടന്നത്. പരുക്കേറ്റ തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഈ സംഭവത്തിലാണ് കേസെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.



Previous Post Next Post