ആലപ്പുഴ : ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു.
ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ല പോലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.
ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എസി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കെഎസ്ആർടിസി സർവീസുകൾഏർപ്പെടുത്തിയിട്ടുണ്ട്.