അർബുദ രോഗിയെ മർദിച്ച് വൈറലായ വീഡിയോയിലെ അഭിഭാഷകൻ ആത്മഹത്യ ശ്രമം നടത്തി


തിരുവനന്തപുരം : അർബുദ രോഗിയെ മർദിച്ച് വൈറലായ വീഡിയോയിലെ അഭിഭാഷകൻ തമ്പാനൂർ റോഡിലെ പ്രമുഖ പത്ര ഓഫിസിനു മുന്നിൽ പെട്രോളൊഴിച്ച് ‌ആത്മഹത്യക്കു ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ തമ്പാനൂർ പൊലീസ് ഇയാളെ കസ്റ്റഡിലെടുത്തു. മാധ്യമങ്ങൾ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന പേരിലായിരുന്നു ഇന്നലെ വൈകിട്ട് തീ കൊളുത്തി മരിക്കാൻ ശ്രമം നടത്തിയത്.  ഈ അഭിഭാഷകന്‍റെ ആക്രമണത്തിൽ റോഡിൽവീണ് പരിക്കേറ്റ് രണ്ടരമാസം ആശുപത്രിയിലായ അർബുദരോഗി ദയനീയാവസ്ഥയിലാണ്. കേസിൽ പ്രതിയായ അഭിഭാഷകനെ രക്ഷിക്കാൻ വഞ്ചിയൂർ പൊലീസ് ഒത്തുകളിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. തലയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടി.ആർ.എ. 53ൽ ഷിബു(43)വിനു നേരേയാണ് വഞ്ചിയൂർ മള്ളിയൂർ റോഡിൽ ജനുവരി 12നായിരുന്നു അഭിഭാഷകന്‍റെ ആക്രമണമുണ്ടായത്.
ഷിബുവിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വഞ്ചിയൂർ മള്ളൂർ റോഡിൽ എ.സി. റിപ്പയറിങ് കട നടത്തുന്ന ഷിബുവിന്‍റെ കാർ റോഡരികിൽ പാർക്ക്ചെയ്തത് ഇതുവഴി കാറിൽ വന്ന അഭിഭാഷകൻ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഷിബു വാഹനം മാറ്റിയെങ്കിലും അഭിഭാഷകൻ തന്റെ കാർ ഷിബുവിന്‍റെ വാഹനത്തിൽ ഇടിച്ചു. ഇതുകണ്ട് പുറത്തിറങ്ങിയപ്പോൾ വീണ്ടും കാറിന്‍റെ ഡോറിലും വാഹനം കൊണ്ടിടിച്ചു. ഇതുകണ്ട് ഷിബു വാഹനം നിർത്താനാവശ്യപ്പെട്ടു. അഭിഭാഷകൻ വാഹനം നിർത്തി ഇറങ്ങിവന്ന് അസഭ്യം പറയുകയും ഷിബുവിനെ തള്ളി താഴെയിടുകയും ചെയ്തു. തലയിടിച്ച് താഴെവീണ് ഷിബു എഴുന്നേൽക്കാനാവാതെ കിടന്നപ്പോൾ അഭിഭാഷകൻ അസഭ്യം പറഞ്ഞിട്ട് വാഹനമെടുത്തു പോവുകയായിരുന്നു. കടയിലുള്ളവരും സമീപവാസികളും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ട്യൂമർ ബാധിച്ച ഷിബുവിന്‍റെ തലയ്ക്ക് രണ്ട്‌ ശസ്ത്രക്രിയകൾ നടത്തി തയ്യലിട്ടിരിക്കുകയായിരുന്നു. തയ്യലുകൾ പൊട്ടുകയും വീണ്ടും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്‌തതോടെ ഗുരുതരാവസ്ഥയിലായ ഷിബു രണ്ടരമാസത്തോളം ആശുപത്രിയിലായി. എന്നിട്ടും പോലീസ് ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അഭിഭാഷകനെ ജാമ്യം നേടാൻ സഹായിച്ചുവെന്നാണ് ആരോപണം. മൂന്നര ലക്ഷത്തോളം രൂപ വീണ്ടും ചികിത്സയ്ക്ക് ചെലവായതോടെ ഇദ്ദേഹം കടക്കെണിയിലുമായി. ഷിബു ഇപ്പോഴും ഇതിനെത്തുടർന്നുള്ള ചികിത്സയിലാണ്. ഇപ്പോൾ കേസ് ഒതുക്കി തീർക്കാൻ പല ഭാഗത്തുനിന്നും സമ്മർദമുള്ളതായും ആരോപണമുണ്ട്. ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്ന്, ഷിബുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ജൂഡ് ആന്‍റണി അടക്കമുള്ളവർ രംഗത്തെത്തി.
Previous Post Next Post