വിവാദ മരം മുറിക്കൽ; കർഷകർക്കെതിരെ കേസെടുത്ത് കൊള്ളക്കാരെ രക്ഷിക്കാൻ വനംവകുപ്പ് നീക്കം






ഇടുക്കി: അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ പിന്നാലെ നടപടിയുമായി വനംവകുപ്പ്. ഏതൊക്കെ പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം കർഷകരെ ബലിയാടാക്കാനുള്ള നടപടിക്കെതിരെ മറ്റ് വകുപ്പുകളിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നുണ്ട്.

2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മരം മുറിച്ച എല്ലാവർക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്‍റെ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് മൂന്നാർ ഡിഎഫ്ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചർമാർക്ക് നിർദ്ദേശം നൽകി. സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിച്ച് കടത്തിയതിനാൽ കേസെടുക്കാനാണ് നിർദ്ദേശം. 

ഇതിന് പിന്നാലെയാണ് റെയ്ഞ്ചർമാർ വിവര ശേഖരണം തുടങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടുക്കിയിൽ മരംമുറിച്ച പലയിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. ഒക്ടോബറിലെ ഉത്തരവിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്നും തടസം നിൽക്കുന്നവ‍ർക്ക് എതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മരം മുറി.

ഇടുക്കിയിൽ തടിവെട്ട് നടന്ന് മാസങ്ങളായിട്ടും മരം മുറിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥരായ കർഷകർക്കെതിരെ കേസെടുത്ത് മരംകൊള്ളയ്ക്ക് പിന്നിലുള്ള വന്പന്മാരെ രക്ഷപ്പെടുത്താനാണ് ഉത്തരവെന്നാണ് ആക്ഷേപം. വനംവകുപ്പിന്‍റെ ഉത്തരവിനെതിരെ ജില്ലഭരണകൂടം എതിർപ്പുയർത്തി കഴിഞ്ഞു.


Previous Post Next Post