പാമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ കാർഷിക വിപണന കേന്ദ്രം ലേലം ഈ മാസം നടക്കുമെന്ന് അധികാരികൾ .വാടക കൂടുതൽ കൊണ്ട് ഏറ്റെടുക്കാൻ ആളില്ലെന്ന് ആക്ഷേപം






പാമ്പാടി. മൂന്നു കോടിയിൽപരം രൂപ ചിലവു ചെയ്ത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് പാമ്പാടി ഗ്രാമപഞ്ചായത്തിനു കൈമാറിയ കാർഷിക വിപണന കേന്ദ്രം ടൗൺ മദ്ധ്യത്തിൽ നോക്കുകൂത്തിയായി നിൽക്കുന്നു.രാധാ വി നായർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോഴാണ് നമ്പാഡിൻ്റെ സഹായത്താൽ കെട്ടിടം നിർമ്മിച്ചത്. യു.ഡി.എഫ്.ഭരണത്തിൻ്റെ അവസാന വർഷം ഉദ്ഘാടനം ചെയ്തു പഞ്ചായത്തിനു കൈമാറിയ ഈ കേന്ദ്രത്തിൻ്റെ വൈദ്യുതീകരണമുൾപ്പെടെയുള്ള പണികൾ കഴിഞ്ഞ പഞ്ചായത്തു ഭരണ സമിതി ചെയ്തു കൊടുക്കുകയും ചെയ്തെങ്കിലും ലേലം ചെയ്ത് മുറികൾ നൽകുന്നത് വൈകുകയും ചെയ്തു.

 പഴയ കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ അവിടെയുണ്ടായിരുന്ന വ്യാപാരികൾക്ക് കടമുറികൾ നൽകാമെന്നുള്ള ധാരണയും നടന്നില്ല. പിന്നീട് പ്രത്യേക നിയമാവലി ഉണ്ടാക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ ലേല നടപടികൾ മുൻഭരണ സമിതി സ്വീകരിക്കുകയും ചെയ്തു. എന്നാൽ നിക്ഷേപത്തിൻ്റെയും അടിസ്ഥാന വാടകയുടെയും നിരക്ക് വളരെ കൂടുതലാണന്നു പറഞ്ഞ് വിവിധ സംഘടനകൾ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു.

പാമ്പാടിക്കാരൻ ന്യൂസ് ഇതിൻ്റെ പിന്നിലെ കാര്യങ്ങളെക്കുറിച്ച് വിശദമായി വാർത്തകൾ നൽകുകയും ചെയ്തിരുന്നു . ലേലത്തിൽ കുറച്ചു മുറികൾ പോവുകയും കരാർ വെച്ച് വ്യാപാരം തുടങ്ങുകയും ചെയ്തെങ്കിലും ബാക്കി മുറികൾ കാലിയായിത്തന്നെ കിടക്കുകയാണ്.

 മുൻ ഭരണ സമിതിയുടെ അവസാന ഭാഗത്ത് തുടർ നടപടികൾ സ്വീകരിച്ചപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.എസ്സി വിഭാഗത്തിന് ഒരു മുറിയും ,ജനകീയ ഹോട്ടലിന് ഒരു മുറിയും ഒഴച്ചിട്ടിരുന്നതായും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാത്തച്ചൻ പാമ്പാടി പറഞ്ഞു.
പുതിയ ഭരണസമിതി അധികാരത്തിൽ വന്നെങ്കിലും ബാക്കി മുറികൾ കരാർ വെച്ച് പണമടപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല

 രണ്ടു പ്രാവശ്യം ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും വ്യാപാരമാന്ദ്യവും' വാടക കൂടുതലുമായി വരുന്നതിനാൽ മുറികൾ എടുക്കുവാൻ ആരും തയ്യാറല്ലന്ന് പഞ്ചായത്തംഗങ്ങളും പറയുന്നു നിയമത്തി നൂലാമാലകളാണ് അടിസ്ഥാന പ്രശ്നമെന്ന് ഇവർ ചൂണ്ടിക്കാട്ടി അതേ സമയം ഈ മാസം വീണ്ടും ലേലത്തിൻ്റെ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്നും പഞ്ചായത്ത് അധികാരികളിൽ നിന്നും പാമ്പാടിക്കാരൻ ന്യൂസിന് അറിയാൻ സാധിച്ചു .

അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന കൃഷിഭവനും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസും ,പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കടമുറികൾ വാടകയ്ക്ക് നൽകാത്തതിനാൽ ഓരോ മാസവും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി


Previous Post Next Post