ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങൾ നഷ്ടമായ യുവാവ് ചൂതാട്ടം നിരോധിക്കണമെന്ന് സന്ദേശം നല്‍കി ജീവനൊടുക്കി.



ചെന്നൈ/ ഓണ്‍ലൈനിലൂടെ ചൂതാട്ടം നടത്തി ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും വാട്ട്‌സാപ്പില്‍ അയച്ച ശേഷമാണ് മുകിലന്‍ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് മുകിലന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ആകര്‍ഷകനാകുന്നത്. തുടക്കത്തില്‍ റമ്മി ഉള്‍പ്പടെയുള്ള കളികളില്‍ നിന്നു ചെറിയ രീതിയില്‍ പണവും മുകിലന് ലഭിച്ചു. ഇതോടെ കളിയില്‍ കമ്പം കയറി തുടര്‍ച്ചയായി കളിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമിന് ഇയാള്‍ അടിമയായി. തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി കളിക്കുകയും ചെയ്തു. ഒന്‍പത് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ മുകിലന് തുടർന്ന് ബാധ്യതയായി മാറിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യ.
ഓണ്‍ലൈന്‍ ചൂതാട്ടത്തിലെ ചതിക്കുഴി മനസ്സിലാക്കിയ മുകിലന്‍ സഹോദരന് അയച്ച വാട്ട്‌സാപ്പ് സന്ദേശത്തില്‍ താന്‍ വിട പറയുകയാണെന്നും അമ്മയെ നോക്കണമെന്നും പറയുന്നുണ്ട്. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത് ദിവസം രാവിലെയാണ് പ്രദേശത്തെ നദിക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുകിലനെ കണ്ടെത്തിയത്.

Previous Post Next Post