ഭാര്യയേയും കുഞ്ഞിനേയും വീടിന് പുറത്താക്കി ഭര്‍ത്താവിന്റെ ക്രൂരത; അമ്മയും കുഞ്ഞും കഴിയുന്നത് സിറ്റൗട്ടില്‍



പാലക്കാട്/ ഭാര്യയേയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍ത്താവിന്റെ ക്രൂരത. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയുമാണ് വീടിനകത്ത് കയറ്റാതെ ഭര്‍ത്താവ് ക്രൂരത കാട്ടുന്നത്. ഇതോടെ ശക്തമായ മഴയിലും അമ്മയും കുഞ്ഞും ഒരാഴ്ചയായി വീടിന്റെ സിറ്റൗട്ടിലാണ് കഴിയുന്നത്. ധോണി ശരണ്യശ്രീയില്‍ മനു കൃഷ്ണനാണ് (31) തന്റെ ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതിയോടും (24) മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടും ഈ ക്രൂരത കാട്ടുന്നത്.

പത്തനംതിട്ടയില്‍ നിന്ന് ഈ മാസം ഒന്നിനാണു ശ്രുതിയും കുഞ്ഞും ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഇവര്‍ വരുമെന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് മനുവരുന്നതും കാത്ത് യുവതിയും കുഞ്ഞും സമീപത്തെ വീടുകളില്‍ തങ്ങി. എന്നാല്‍ ഒന്‍പതാം തീയതിയായിട്ടും മനുവരികയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാതായതോടെ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു.

മനുകൃഷ്ണ പലപ്പോഴും വിവാഹമോചനം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചിരുന്നെന്ന് ശ്രുതിയും മാതാപിതാക്കളും പറയുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകുന്നതിന് മുമ്പ് തന്നെ മനു പീഡനം തുടങ്ങിയിരുന്നു. ശാരീരിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായും ശ്രുതി പറയുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

Previous Post Next Post