പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നു മുഖ്യമന്ത്രി







ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച്‌ അദ്ദേഹം വിശദമായി ആരാഞ്ഞു. കപ്പല്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചു. ഗെയ്ല്‍ പൈപ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനവും വികസനകാര്യങ്ങളില്‍ ഒന്നിച്ചുനീങ്ങണമെന്ന് നിര്‍ദേശിച്ചു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ പെട്രോ കെമിക്കല്‍ പ്രൊജക്‌ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ചുവെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ അനുകൂലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. 4524 കോടിയുടെ ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി വേണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് വലിയ തോതില്‍ കൂടാത്തതു ചൂണ്ടിക്കാട്ടി. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചു. ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു


أحدث أقدم