ലിംഗമാറ്റ ശസ്ത്രക്രിയ പിഴവിൽ മനം നൊന്ത് നീതിക്കായി വിലപിച്ച ട്രാന്‍സ് യുവതി അനന്യ ജീവനൊടുക്കി.


കൊല്ലം/ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരുന്ന ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സ് ജീവനൊടുക്കിയതായി കണ്ടെത്തി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നു അനന്യ.
2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനന്യ ആരോപണം ഉന്നയിച്ചിരുന്നതാണ്. ശസ്ത്രക്രിയ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിൽ ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടുവരുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അനന്യ ഇക്കാര്യം ദ ക്യുവിനോട് പറഞ്ഞിരുന്നു.
വജയിനോപ്ലാസിസ് സര്‍ജറി കഴിഞ്ഞു ഒരു വര്‍ഷം കഴിയുമ്പോഴും അനന്യക്ക് കുറച്ച് സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാ യിരുന്നു അനന്യ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്നാണ് അനന്യ കുമാരി അലക്‌സ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
അനന്യ പറഞ്ഞിരുന്നത് ഇങ്ങനെ.
വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്. ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്. അനന്യ കുമാരി അലക്‌സ് പറഞ്ഞിരുന്നു.

Previous Post Next Post