കോട്ടയം ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതികളായ ആലപ്പുഴ സ്വദേശികളായ യുവാക്കൾ പിടിയിൽ





കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി പെരുമനപുതുവേൽ വീട്ടിൽ സുധീഷ് (38), തിരുവല്ല തുകലശേരി പൂമംഗലം വീട്ടിൽ ശരത് ശശി (34) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി DYSP കെ.എൽ സജിമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

മാസങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് വൻ മോഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ചു പരാതി വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നു, നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടറിൽ വരികയായിരുന്ന സുധീഷിനെയും, ശരത്തിനെയും പൊലീസ് സംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതികൾ മോഷണം ലക്ഷ്യമിട്ട് എത്തിയതാണ് എന്നു വ്യക്തമായത്. 

തുടർന്നു, കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ M.J ഷൈജു, S.I എൽദോപോൾ, S.I(Gr.)വി.എസ് ഷിബൂക്കുട്ടൻ, SI(Gr.) ജോർജ്കുട്ടി സീനിയർ സിവിൽ പൊലീസ് ഓഫിസർ നവാസ്, ജോബി സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം എസ്.നായർ, ശ്രാവൺ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണ് എന്നു കണ്ടെത്തി. 

മോഷണക്കേസിൽ ജയിലിലായിരുന്ന ഇരുവരും മാസങ്ങൾക്കു മുൻപ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്നു, സ്‌കൂട്ടറിൽ ജില്ലയിൽ എത്തി മോഷണം നടത്തുന്നതിനു പദ്ധതി തയ്യാറാക്കുകയായിരുന്നു. വൈകിട്ട് ആറു മണിയ്ക്കും പത്തിനും ഇടയ്ക്കാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ബൈക്കിൽ ശരത്ത് എത്തിയ ശേഷം, സുധീഷിനെ ഇറക്കി വിടും. തുടർന്ന് സ്ഥലത്ത് ശരത്ത് ഒളിച്ചിരിക്കും. തുടർന്നു, മോഷണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപെടുകയാണ് ചെയ്യുന്നത്. 

കോട്ടയം ഈസ്റ്റ് പൊലീസ്, പത്തനംതിട്ട, റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിലും പുതുപ്പള്ളി, ചെങ്ങന്നൂർ, റാന്നി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.


Previous Post Next Post