പട്ടികജാതി ക്ഷേമത്തിനുള്ള ഫണ്ട് തട്ടിയെടുക്കുന്നു’; സിപിഐഎമ്മിന് എതിരെ ആരോപണവുമായി കെ സുരേന്ദ്രന്‍



.
പട്ടികജാതി ക്ഷേമത്തിനുള്ള ഫണ്ട് സിപിഐഎം തട്ടി എടുക്കുന്നു എന്ന ഗുരുതര അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടിക ജാതി ക്ഷേമ ഫണ്ടിന്റെ പേരില്‍ കേരളത്തില്‍ നൂറ് കണക്കിന് കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വ്യക്തമായ അറിവ് ഉണ്ടായിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാറിലെ വകുപ്പ് മന്ത്രിയായ എകെ ബാലന് അഴിമതിയെ കുറിച്ച് അറിയാം. എന്നാല്‍ കണ്ണടച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം പ്രദിന്‍ കൃഷ്ണയാണ് ഫണ്ട് തട്ടിയതെന്നാണ് സുരേന്ദ്രന്റെ ആരോപണം. ട്രഷറിവഴിയാണ് പണം പോയത്. ഇതിന്റെ വിശദ്ദാംശങ്ങള്‍ അടങ്ങിയ പരാതി കൊടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കടകം പള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒരു എസ്സി പ്രമോട്ടര്‍ തന്നെയാണ് പരാതി നല്‍കിയത്. അഴിമതിയെ കുറിച്ച് പരാതി ലഭിച്ചിട്ടും മുന്‍മന്ത്രി ഉള്‍പ്പെടെ ഇടപെട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പേരിന് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടു. പ്രതികളായ മറ്റ് എട്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രോസിക്യൂഷന്‍ പ്രതികള്‍ അനുകൂലമായി നിഷ്‌കൃതമായതാണ് ഇത്തരത്തില്‍ നിയമ നടപടി പരാജയപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. തെളിവ് സഹിതമാണ് ഡിവൈഎഫ്‌ഐ നേതാവിനും കുടുംബത്തിനും എതിരെ പരാതി വന്നിരിക്കുന്നത്. എന്നിട്ടും നടപടി ഉണ്ടായില്ല. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

പട്ടികജാതി ക്ഷേമത്തിന് ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്രം നല്‍കുന്നത്. പഠനമുറി, പെണ്‍കുട്ടികളുടെ വിവാഹ സഹായം എന്നിവയ്ക്കായി അനുവദിച്ച് ഫണ്ട് സിപിഐഎം തട്ടി എടുക്കുന്നു. പട്ടികജാതിക്കാര്‍ക്കുള്ള ധനസഹായം അര്‍ഹത ഇല്ലാത്ത, പട്ടിക വിഭാഗക്കാര്‍ പോലുമല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കുന്നു. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് സിപിഐഎം നേതാക്കള്‍ ആണ് പണം തട്ടി എടുക്കുന്നത്. അതിഭീമമായ അഴിമതിയാണ് സംസ്ഥാന വ്യാപകമായി നടന്നിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതി മഞ്ഞുമലയുടെ അറ്റമാത്രമാണെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊടകര കുഴല്‍ പണക്കേസില്‍ താന്‍ മൊഴി കൊടുക്കാന്‍ പോകുംമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ല. എന്ന് പോകണമെന്ന് തീരുമാനിച്ചിട്ടില്ല കൊടകര കേസില്‍ മാത്രമല്ല ഏത് കേസിലും ഹാജരാവും. മൂന്ന് കേസിലും ബിജെപിയെ കുരുക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Previous Post Next Post