കാര്‍ തട്ടി സ്‌കൂട്ടറില്‍ നിന്നും വീണുപരിക്കേറ്റു ചികിത്സയിലിരുന്നഓഡിറ്റ് വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ മരിച്ചു



ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ ഇല്ലിമൂട്ടില്‍ കാര്‍ തട്ടി സ്‌കൂട്ടറില്‍ നിന്നും വീണു പരിക്കേറ്റു ചികിത്സയിലിരിക്കേ ഓഡിറ്റ് വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ മരിച്ചു. ആലപ്പുഴ ജില്ലാ റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ ഭഗവതി ചെട്ടിയാരുടെ മകന്‍ പി.ബി.നടരാജന്‍ (58) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

 കറുകച്ചാല്‍ ഭാഗത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന നടരാജന്റെ സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ പിന്നാലെയെത്തിയ കാർ ഇല്ലിമൂട്ടില്‍ ബസ്‌ബേയ്ക്ക് സമീപം വച്ച് തട്ടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ ചെളിക്കുഴിയിലേക്ക് സ്‌കൂട്ടര്‍ പാളിപ്പോവുകയും നടരാജന്‍ റോഡിലേക്ക് മുഖമടിച്ചു വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ ഒരു ഭാഗം തകര്‍ന്നു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നടരാജനെ നാട്ടുകാരാണ്  ആശുപത്രിയില്‍  എത്തിച്ചത്.

 ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. നടരാജന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനുമുമ്പ് ദീര്‍ഘകാലം മാമ്മൂട് ദീപ്തി പാരലല്‍ കോളജ് അധ്യാപകനായിരുന്നു. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. 

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിനു വീട്ടുവളപ്പില്‍. ഭാര്യ- വിജയമ്മാള്‍. മക്കള്‍: നവീന്‍ രാജ്, നിഥിന്‍ രാജ്. മരുമകള്‍: നിമ്മി.

Previous Post Next Post