എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കും ധീരമായ തീരുമാനം പ്രഖ്യാപിച്ച് വ്യാപാരികൾ


എല്ലാ കടകളും വ്യാഴാഴ്ച മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ അറിയിച്ചു 
അതേസമയം, രോഗവ്യാപനം ഏറ്റവും കൂടിയ തദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ട് മണി വരെ നീട്ടും. ബാങ്കുകളില്‍ അഞ്ച് ദിവസവും ഇടപാടുകരെ പ്രവേശിപ്പിക്കാനും തീരുമാനം. എന്നാല്‍ കടകള്‍ തുറക്കുന്ന ദിവസങ്ങള്‍ക്കുള്ള നിയന്ത്രണവും വാരാന്ത്യ ലോക്ഡൗണും തുടരും. ഇളവുകളേക്കുറിച്ച് പ്രതിപക്ഷത്തോടും ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് വിദഗ്ധരും നിയന്ത്രണം മൂലം ജീവിക്കാനാവുന്നില്ലെന്ന് വിവിധ മേഖലകളിലെ ജനങ്ങളും  പരാതി പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ അവലോകനയോഗം ചേര്‍ന്നത്. രണ്ട് പ്രധാന ഇളവാണ് യോഗം അനുവദിക്കുന്നത്. 1)ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 വരെയുള്ള തദേശസ്ഥാപനങ്ങളിലെ എല്ലാ കടകളും രാത്രി എട്ട് വരെ തുറക്കാം. അതായത് ഏഴ് മണിയില്‍ നിന്ന് ഒരു മണിക്കൂര്‍ നീട്ടി. 2)ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശിക്കാം. നേരത്തെ മൂന്ന് ദിവസമായിരുന്നു. ഇതിനപ്പുറം കാര്യമായ മറ്റ് ഇളവുകളൊന്നുമില്ല. കടകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ നീട്ടിയെങ്കിലും വ്യാപാരികളടക്കം ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരമായേക്കില്ല. 
കാരണം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകള്‍ തുറക്കാവുന്ന ദിവസങ്ങള്‍ ഇപ്പോഴും പരിമിതമാണ്.  ബി കാറ്റഗറിയില്‍ തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളിലും സി കാറ്റഗറിയില്‍ വെള്ളിയാഴ്ചയുമേ തുറക്കാനാവു. ഡി കാറ്റഗറിയില്‍ അവശ്യവിഭാഗങ്ങളൊഴികെ ഒന്നും തുറക്കാനാവില്ല. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണിനും മാറ്റമില്ല. 
സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം ബി, സി കാറ്റഗറിയിലാണ്. അതിനാല്‍ കടകള്‍ തുറക്കുന്ന ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് എന്ന രോഗവ്യാപന സാധ്യത ഇനിയും തുടര്‍ന്നേക്കും. ഇതൊഴിവാക്കണമെന്ന് വിദഗ്ധസമിതി ആവശ്യവും പരിഗണിച്ചില്ല. നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിപക്ഷവും പരാതി ഉന്നയിച്ചു. ബുധന്‍ മുതല്‍ ഒരാഴ്ചത്തേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും. 


أحدث أقدم