നിയമസഭാ കയ്യാങ്കളിക്കേസ്; മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ



ന്യൂഡല്‍ഹി: കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് രഞ്ജിത് കുമാര്‍.
അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, കേരള നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 15-ലേക്ക് മാറ്റി.


 
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.
അതേസമയം, നിയമസഭയിലെ കയ്യാങ്കളിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് സന്ദേശമാണ് ഇതിലൂടെ എം.എല്‍.എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം.ആര്‍. ഷാ ആരാഞ്ഞു.
എന്തുകൊണ്ട് ഇത്തരം ഒരു അക്രമം എം.എല്‍.എമാര്‍ നടത്തിയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കെ.എം. മാണി അഴിമതിക്കാരനായിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. അതിനാലാണ് മാണിയുടെ ബജറ്റ് അവതരണം എം.എല്‍.എമാര്‍ തടയാന്‍ ശ്രമിച്ചത്. ഇതാണ് സഭയില്‍ അനിഷ്ട സംഭവം ഉണ്ടാകുന്ന നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും രഞ്ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് മാത്രമാണ് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്നുവരെ ഒരു ഘട്ടത്തില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആരാഞ്ഞു.


Previous Post Next Post