വീടുകൾക്ക് മുകളിലേയ് കൽമഴ ഒരു വീടിൻ്റെ ഭിത്തി വിണ്ട് കീറി ,അത്ഭുത പ്രതിഭാസം ഇടുക്കിയിൽ

ഉപ്പുതറ വളകോട്ടിൽ വീടുകൾക്ക് മുകളിലേക്ക് കൽമഴ പെയ്യുന്നു. രണ്ട് വീടുകൾക്ക് മുകളിലാണ് കൽമഴ വീഴുന്നത്. ഇതോടെ വീടിനു പുറത്തേക്കിറങ്ങാൻ പോലും കഴിയാതെ വീട്ടുകാർ ഭീതിയിലാണ്. പുളിങ്കട്ട  പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീഴുന്നത്.
ജൂലൈ രണ്ടു മുതലാണ് വീടിനു മുകളിലേക്ക് കല്ലുകൾ വീണു തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തുടക്കത്തിൽ രാത്രിയിലാണ് പാറക്കല്ലുകൾ വീടിന് മുകളിൽ വീണത്. തുടർ ദിവസങ്ങളിലും കല്ലുകൾ വീഴാൻ തുടങ്ങിയതോടെ വാഗമൺ പൊലീസിൽ പരാതി നൽകി. 
പൊലീസ് സമീപത്തെല്ലാം പരിശോധന നടത്തിയ ശേഷം വീട് പരിശോധിക്കുന്നതിനിടയിൽ പാറക്കല്ലുകൾ വീണത് പൊലീസുകാരെ പോലും അമ്പരപ്പിച്ചു. നിലവിൽ രാത്രിയും പകലും ഒരു പോലെയാണ് കല്ലുകൾ വീഴുന്നത്. വലിയ ശക്തിയിലാണ് പാറക്കഷണങ്ങൾ വന്നു വീഴുന്നത്. കല്ലുകൾ വീണ് രണ്ട് വീടിന്‍റെയും ആസ്ബറ്റോസ് ഷീറ്റുകൾ പൂർണമായും തകർന്നു. 
രണ്ട് വീടുകളിലായി ആറ് കുട്ടികളുമുണ്ട്. കല്ല് വീഴുന്നതിനാൽ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഈ വീടുകളിൽ തനിയെ കല്ല് ഉയർന്ന് വീഴുന്നതറിഞ്ഞ് ധാരാളമായി ആളുകൾ ഇത് കാണാനെത്തുന്നുമുണ്ട്. 
വീടുകൾ ഇരിക്കുന്ന ഭൂമി ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. ഒരു വീടിന്‍റെ ചുവരുകൾക്ക് വിള്ളൽ ഏൽക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാവുന്ന ഏതെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ജനപ്രതിനിധികൾ വീട്ടിലെത്തിയപ്പോഴും കൽമഴ നേരിൽ കണ്ടിരുന്നു. 
ഇതോടെ രണ്ട് കുടുംബത്തെയും മാറ്റി പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. തുടർന്ന് തിങ്കളാഴ്ച്ച തൊടുപുഴയിൽ നിന്നുള്ള ജിയോളജിക്കൽ സംഘം വീടുകളിൽ പരിശോധന നടത്തും.
Previous Post Next Post