ഡെൽറ്റ വകഭേദത്തിന് കൂടുതൽ വ്യതിയാനങ്ങൾ; ലോകം അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന


റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 

കോവിഡ് മഹാമാരിയുടെ വളരെ അപകടകരമായ ഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന്‌ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രയേസൂസ്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ഡെൽറ്റ വകഭേദത്തിനുണ്ടാകുന്ന കൂടുതൽ വ്യതിയാനങ്ങളും അവയുടെ അതിവേഗത്തിലുള്ള വ്യാപനവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യവും സുരക്ഷിതമെന്നു പറയാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് WHO മേധാവി ചൂണ്ടിക്കാട്ടി. അപകടകരമായ ഡെൽറ്റ വകഭേദത്തിന് തുടർച്ചയായി വ്യതിയാനം സംഭവിക്കുകയും കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞത് 98 രാജ്യങ്ങളിലെങ്കിലും റിപ്പോർട്ട് ചെയ്ത ഡെൽറ്റ വകഭേദം വാക്‌സീൻ കവറേജ് കുറഞ്ഞ രാജ്യങ്ങളിൽ അതിവേഗം പടരുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ 10 ശതമാനത്തിനെയെങ്കിലും സെപ്റ്റംബർ അവസാനത്തോടെ വാക്സീൻ എടുപ്പിക്കാൻ ലോകരാജ്യങ്ങളോടും അവയുടെ നേതാക്കന്മാരോടും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിരുന്നു
.വാക്‌സീൻ വികസിപ്പിച്ച രാജ്യങ്ങളും കമ്പനികളും സാങ്കേതികവിദ്യ പങ്കുവയ്ക്കാൻ തയാറാകണമെന്നും തെദ്രോസ് അദാനം ആവശ്യപ്പെടുന്നു. ബയോഎൻടെക്, ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികൾ തങ്ങളുടെ വാക്സീൻ സാങ്കേതികവിദ്യ പങ്കുവച്ചാൽ വാക്സീൻ ഉത്പാദനം വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന റിസ്ക്കുള്ള രാജ്യങ്ങളിലെ ജനങ്ങൾ മാസ്ക്, സാമൂഹിക അകലം, ആൾക്കൂട്ടം ഒഴിവാക്കൽ പോലുള്ള സുരക്ഷാ മുൻകരുതലുകൾ തുടരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Previous Post Next Post