ചെങ്കൊടിയുമായി സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്’, വിമര്‍ശനവുമായി സിപിഐ



രാമനാട്ടുകര സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഭവങ്ങളില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, പ്രതികളാക്കപ്പെടുന്ന യുവാക്കള്‍ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നാണ് സിപിഐ നിലപാട്. ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം വളര്‍ന്നുവരുന്നു എന്നത് ഗൗരവത്തോടെ കാണണമെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതികരണം.
നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ് രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ ആരാധകരെ ഉണ്ടാക്കാനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഇവര്‍ ഉപയോഗപ്പെടുത്തി. മാഫിയാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈ പ്രവണത ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്നതാണ്.
ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്. ഇത്തരമൊരു സന്ദേശം ഇവരില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായി തങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യാന്‍ പോലും ഇവര്‍ക്ക് കഴിയുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ ഈ രംഗത്ത് എത്തിച്ചത് പാര്‍ട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങള്‍ ആയി വളരാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് വഴിയൊരുക്കിയെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ആശയങ്ങളുടെയും മാനവികതയിലും നിലയുറപ്പിച്ചാണ് കേരളത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യം. പണവും ആര്‍ഭാടജീവിതവും ആരെയും എളുപ്പത്തില്‍ സ്വാധീനിക്കാം. അതിനെ മറികടക്കേണ്ടത് ധാര്‍മ്മികബോധങ്ങളുടെയും കമ്മ്യുണിസ്റ്റ്‌ബോധ്യത്തിന്റെയും കരുത്തിലാവണം. നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പ്രതികളാക്കപ്പെടുമ്പോള്‍ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും, കരുതലും, സ്വയം വിമര്‍ശനവും ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കും എപ്പോഴും ആവശ്യമാണെന്നും സിപിഐ വ്യക്തമാക്കുന്നു.
Previous Post Next Post