വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍; നിയമ വകുപ്പിന്റെ ഉപദേശം ലഭിക്കുന്നതിന് മുന്‍പ് ഉത്തരവ് ഇറക്കി



പട്ടയഭുമിയില്‍ നിന്നും സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള വിവാദ ഉത്തരവ് അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ താല്‍പര്യ പ്രകാരമെന്ന് റിപ്പോര്‍ട്ട്. ഈട്ടി തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുത് എന്ന വ്യവസ്ഥ മറികടക്കന്‍ അനുമതി നല്‍കിയതും ഇ ചന്ദ്രശേഖരനാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കാതെയാണ് ഉത്തരവിറക്കിയത് എന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഉത്തരവില്‍ ഇ ചന്ദ്രശേഖരന്‍ ഒപ്പ് വച്ചത്.

പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കാനുള്ള നടപടികളുടെ തുടക്കം കട്ടപ്പുഴ വനമേഖലയിലുള്ള കര്‍ഷകര്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള അനുമതി നേടിയതിന് പിന്നാലെയാണ്. ഇതിന്റെ ഭാഗമായി 24-6-2019 യോഗം വിളിക്കുന്നു. ഈ യോഗത്തില്‍ ചന്ദനം, ഈട്ടി, കരിമരം എന്നിവയുടെ അവകാശം സര്‍ക്കാറിനാണ് എന്നായിരുന്നു വനം വകുപ്പ് നിലപാട്.

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കുന്നതിന് നിരവധി അപേക്ഷകള്‍ ലഭിച്ചതിനാല്‍ അനകൂല നിലപാട് സ്വീകരിക്കണമെന്നായിരുന്നു മന്ത്രി യോഗങ്ങളില്‍ വാദിച്ചത്. എന്നാല്‍ 1964 ലെ ചട്ടം ഭേദഗതി ചെയ്ത 2017 ആഗസ്ത് 17ലെ വിജ്ഞാപനത്തിന് മുന്‍കാല പ്രബല്യമുണ്ടാവില്ലെന്ന് വനം മേധാവി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വിജ്ഞാപന പ്രകാരം തേക്ക് , ഈട്ടി, എബണി, ചന്ദനം എന്നിങ്ങനെ നാലു ഇനങ്ങളുടെ അവകാശം പാട്ടഭൂമിയുടെ ഉടമക്ക് നല്‍കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

പിന്നാലെ നിയമ വകുപ്പിന്റെ മറുപടി ലഭിക്കാതെ തന്നെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കി. നിര്‍ദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചിട്ടുണ്ടെന്നും ഇവ കുറിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അതേസമയം, തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാട് തന്നെയാണ് ഇ ചന്ദ്രശേഖന്‍ ഇപ്പോഴും തുടരുന്നത്. മരം മുറി ഉത്തരവിറക്കിയത് തന്റെ അറിവോടെ തന്നെയാണെന്ന് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നതിന് ഒപ്പം ഉത്തരവിന്റെ പരിപൂര്‍ണ്ണമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. കര്‍ഷക താത്പര്യം മാത്രമാണ് ഇത്തരമൊരു ഉത്തരവിന് പിന്നില്‍. രാജകീയ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയെന്ന പ്രചരണം തെറ്റാണ്. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും മുന്‍ മന്ത്രി വ്യക്തമാക്കുന്നു
Previous Post Next Post