അപകടത്തിലായ പാലം പൊളിച്ചു പണിതു; പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ജയിലിൽ പോകേണ്ടി വന്ന മുൻ പഞ്ചായത്തംഗമാണ് വിനോദ്






ആലപ്പുഴ: നിയമസഭയിലെ കയ്യാങ്കളിയിൽ ലക്ഷങ്ങളുടെ പൊതുമുതൽ നശിപ്പിച്ച എംഎൽഎമാരെ സംരക്ഷിക്കാൻ സർക്കാർ സുപ്രീംകോടതി വരെ പോയി. എന്നാൽ പ്രവിലേജുകളൊന്നും ഇല്ലാത്ത സാധാരണ ജനപ്രതിനിധികളുടെ കാര്യം അങ്ങനെയല്ല. അപകടാവസ്ഥയിലായിരുന്ന ഒരു ചെറിയ നടപ്പാലം നാട്ടുകാർക്ക് ഒപ്പം ചേർന്ന് പൊളിച്ചു പണിതതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും, ഇപ്പോഴും നിയമപോരാട്ടം നടത്തിവരുന്ന  ഒരു മുൻ പഞ്ചായത്തംഗമുണ്ട് ആലപ്പുഴ കൈനകരിയിൽ. 

പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിയായ മുൻ എംഎൽഎ, എംഎൽഎ, മന്ത്രി ഇവർക്കൊക്കെ
പ്രവിലേജുകളെ കുറിച്ച് സംസാരിക്കാം. അറസ്റ്റും ജയിലുമൊന്നുമോർത്ത് നെടുവീർപ്പെടുകയും വേണ്ട. സർക്കാർ സംരംക്ഷണയുണ്ട്. പക്ഷെ ഒരു മുൻ പഞ്ചായത്തംഗം വിനോദിന്‍റെ സ്ഥിതി അങ്ങനെയല്ല. പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ നിന്ന് ഒഴിവാകാൻ ഇന്നും രാമങ്കരി കോടതിയിൽ കയറി ഇറങ്ങുകയാണ്. 

മഹാപ്രളയകാലത്ത് രക്ഷപ്രവർത്തനത്തിന് പോലും തടസ്സമായി നിന്ന കാലപ്പഴക്കം ചെന്നൊരു നടപ്പാലം. 2019 ഒക്ടോബറിൽ നാട്ടുകാർക്ക് ഒപ്പം ചേർന്ന് പൊളിച്ചുനീക്കി, പുതിയത് പണിയുകയും ചെയ്തു. പക്ഷെ പൊതുമുതൽ നശിപ്പിച്ചതിന് പഞ്ചായത്ത് ഭരിച്ച എൽഡിഎഫ് ഭരണസമിതി പൊലീസിൽ പരാതി നൽകി, വിനോദ് ജയിലിലുമായി. ഒരു മുന്നണിയിലും പെടാതെ സ്വതന്ത്രനായി വിജയിച്ച ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം..

നീതി തേടി വിനോദിന്‍റെ കുടുംബം കളക്ട്രേറ്റ് പടിക്കൽ സമരം ചെയ്തെങ്കിലും നിയമം നിയമത്തിന്‍റെ വഴിക്ക്പോയി. രണ്ടാഴ്ച ജയിൽവാസം. പിന്നെ പഞ്ചായത്ത് നിശ്ചയിച്ച നഷ്ടപരിഹാരം കെട്ടിവെച്ചപ്പോൾ ജാമ്യം. വിനോദിന് പുറമെ നാട്ടുകാരായ മൂന്ന് പേരും കേസിൽ പ്രതികളാണ്.
Previous Post Next Post