രാഷ്ട്രീയ ദുഷ്ടലാക്ക് മുൻനിർത്തി നുണപ്രചരണങ്ങൾ അഴിച്ചു വിടുകയാണ് പലരും’; സഭയിൽ അക്കമിട്ട് മുഖ്യമന്ത്രിയുടെ വിശദീകരണം


തിരുവനന്തപുരം: കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ കൊവിഡ് പ്രതിരോധങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിറണായി വിജയൻ. അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താനുള്ള ഇത്തരം ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. യാഥാർഥ്യം നമ്മുടെ മുൻപിലുണ്ട്. അതു സത്യമാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ ആണ് ജനങ്ങൾക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്;

ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാൽ ഏറ്റവും അവസാനം കോവിഡ് ഉച്ചസ്ഥായിയിൽ എത്തിയ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിൽ ഏറ്റവും കുറച്ച് കോവിഡ് മരണ നിരക്കുള്ള സംസ്ഥാനം, തൊണ്ണൂറു ശതമാനത്തോളം രോഗികൾക്കും സർക്കാർ സൗകര്യങ്ങളുപയോഗിച്ച് ചികിത്സ നൽകിയ സംസ്ഥാനം, സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സ ചെലവ് സർക്കാർ വഹിച്ച സംസ്ഥാനം, കമ്മ്യൂണിറ്റി കിച്ചനുകളും ഭക്ഷ്യകിറ്റുകളുമായി ഭക്ഷ്യസുരക്ഷയൊരുക്കിയ സംസ്ഥാനം, ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ സംസ്ഥാനം, രോഗം വന്നു പോയവരുടെ ശതമാനം ഏറ്റവും കുറവുള്ള സംസ്ഥാനം. കോവിഡ് പ്രതിരോധത്തിൽ എടുത്തു പറയത്തക്ക അനവധി നേട്ടങ്ങൾ കേരളത്തിൻ്റേതായുണ്ട്. ആ പരിശ്രമങ്ങളെ ലോകം അംഗീകരിച്ചതാണ്.

മനുഷ്യരാശിയെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തിയ ഇതുപോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ നമുക്ക് മുൻപിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്. ഈ പ്രതിസന്ധികളെ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. എന്നാൽ ക്രിയാത്‌മകമായ വിമർശനങ്ങൾക്കു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മുൻനിർത്തി നുണപ്രചരണങ്ങൾ അഴിച്ചു വിടുകയാണ് പലരും ചെയ്യുന്നത്. അതിൻ്റെ ഭാഗമായാണ് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷം രംഗത്തിറങ്ങിയത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താനുള്ള ഇത്തരം ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. യാഥാർഥ്യം നമ്മുടെ മുൻപിലുണ്ട്. അതു സത്യമാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ ആണ് ജനങ്ങൾക്കുള്ളത്.
Previous Post Next Post