'ശരീരം നോക്കി അങ്ങനെ രസിക്കേണ്ട', വനിതാ അത്‌ലറ്റിക്കുകളുടെ ഇത്തരം ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്യില്ല: ഒളിംപിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസസ്

'




ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ വനിതാ അത്‌ലറ്റിക് താരങ്ങളുടെ ചിത്രങ്ങള്‍ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടികളുമായി ഒളിംപിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസസ്. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും ടെലിവിഷന്‍ നിലവാരം ഉയര്‍ത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഒളിംപിക് ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് യിയാനിസ് എക്‌സാര്‍ക്കോസ് അറിയിച്ചു.

'മുന്‍കാല കവറേജുകളില്‍ കണ്ടതുപോലെയുള്ള ചിത്രങ്ങള്‍ ഇനി കാണാന്‍ സാധിക്കില്ല. ശരീരഭാഗങ്ങള്‍ വിശദമായും അടുത്തും കാണുന്നവിധമുള്ള ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്യില്ല. '- യിയാനിസ് എക്‌സാര്‍ക്കോസ് പറഞ്ഞു. ബീച്ച് വോളിബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍ തുടങ്ങിയ ഗെയിം ഇനങ്ങളില്‍ ഇത്  പ്രായോഗികമായി വിജയിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങളും ഉയരുന്നുണ്ട്.

വനിതാ അത്‌ലറ്റിക് താരങ്ങളുടെ വസ്ത്രധാരണത്തിന് അമിത പ്രാധാന്യം നല്‍കിയുള്ള കവറേജ് നല്‍കുന്നില്ല എന്ന് ഉറപ്പുവരുത്തുമെന്നും യിയാനിസ് എക്‌സാര്‍ക്കോസ് പറയുന്നു. ഇതിനായി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വനിതാ അത്‌ലറ്റിക് താരങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി നോക്കരുത്. വസ്ത്രം സ്ഥാനം തെറ്റി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ ഒന്നെങ്കില്‍ നീക്കം ചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യണമെന്നതാണ് മാര്‍ഗനിര്‍ദേശത്തില്‍ മുഖ്യമായി പറയുന്നത്. അത്‌ലറ്റിക് താരങ്ങള്‍ക്ക് ആദരവ് നല്‍കുന്ന തരത്തിലായിരിക്കണം പെരുമാറ്റം എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

Previous Post Next Post