കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോൺ ആക്രമണ സാധ്യത,ജാഗ്രത.




തിരുവനന്തപുരം/ കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോൺ ആക്രമണ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രണ്ടു സംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. അതിർത്തി മേഖലകളിൽ ഭീകര സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ മുന്നറിയിപ്പ്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽനിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജൻസികൾ ഈ സാഹചര്യത്തിൽ നിരീക്ഷിക്കുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗം ശക്തമായ നിരീക്ഷണം നടത്തി വരുകയാണ്. തമിഴ്‌നാട്ടിലെയും കേരളത്തിന്റെയും തെക്കൻ തീരദേശ മേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം ചൈന ഏറ്റെടുത്തതും പുതിയ ഭീഷണി ഉയർത്തുന്നു. ഇന്ത്യൻ നേവി ഇന്റലിജൻസ് വിഭാഗം കേരള, തമിഴ്നാട് തീരത്ത് ശക്തമായ നിരീക്ഷണം നടത്തി വരുന്നതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
Previous Post Next Post