ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത ജർമൻ സഞ്ചാരികൾ എത്തപ്പെട്ടത് ചതുപ്പിൽ






മെനാർ: ഗൂഗിൾ മാപ്പ് നോക്കി യാത്ര തിരിച്ച ജർമൻ വിനോദ സഞ്ചാരികൾ എത്തിപ്പെട്ടത് ചതുപ്പിൽ. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്റ്റുകളാണ് ഗൂഗിള്‍ മാപ്പിന്‍റെ ചതിയില്‍പ്പെട്ടത്. 

വിദേശ വിനോദ സഞ്ചാരികള്‍ക്ക് രാജസ്ഥാനിലെ മെനാറില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള യാത്ര മധ്യേയാണ് ഗൂഗിള്‍ മാപ്പ് കുരുക്കൊരുക്കിയത്.

 ആറുവരി പാതയായ നാവാനിയ ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ എളുപ്പമുള്ള വഴി ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ചത്. ഗൂഗിളിനെ പൂര്‍ണമായും വിശ്വസിച്ച് ഉടന്‍ തന്നെ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ യാത്ര ചെളി നിറഞ്ഞ ഒരു ചതുപ്പിലാണ് അവസാനിപ്പിക്കേണ്ടി വന്നത്. വിനോദസഞ്ചാരികള്‍ കുടുങ്ങിയ റോഡ് വളരെ ഭയാനകമായ അവസ്ഥയിലായിരുന്നു. ആ പ്രദേശത്തെ നാട്ടുകാര്‍ പോലും മഴ സമയത്ത് ഇത് ഉപയോഗിക്കുമായിരുന്നില്ല. ഒരു ട്രാക്ടര്‍ മുമ്പ് ആ റോഡില്‍ കുടുങ്ങിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഒടുവില്‍, കാറിലുണ്ടായിരുന്നവര്‍ ട്രാക്ടറിന്‍റെ സഹായം തേടുകയായിരുന്നു. സഞ്ചാരികള്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് ഇവിടെ കുടുങ്ങിയത്. ട്രാക്ടര്‍ എത്തി വാഹനം ചെളിയില്‍ നിന്ന് ഉയര്‍ത്തിയപ്പോള്‍ സമയം വൈകുന്നേരം ആറ് കഴിഞ്ഞിരുന്നു. 

രണ്ട് കിലോമീറ്ററില്‍ അധികം നടന്ന് പോയാണ് അവര്‍ ഒരു ട്രാക്ടര്‍ കണ്ടെത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം ചെളിയില്‍ നിന്ന് ഉയര്‍ത്തിയത്

Previous Post Next Post