ശസ്ത്രക്രിയ വിജയം: മാർപ്പാപ്പഏഴു ദിവസം നിരീക്ഷണത്തിൽ.






റോം:  മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പൂർണ തൃപ്തരാണെന്ന് ഡോക്ടർമാർ. ഏഴു ദിവസം ആശുപത്രിയിൽത്തന്നെ നിരീക്ഷണത്തിൽ തുടരണമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു.

വൻകുടലിനെ ബാധിച്ച ഡൈവെർട്ടിക്കുലർ സ്റ്റെനോസിസ് രോഗവുമായി ബന്ധപ്പെട്ടാണ് 84 വയസുള്ള ഫ്രാൻസീസ് പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ, ബന്ധപ്പെട്ട 
വകുപ്പ് മേധാവി ഡോ. സെർജിയോ അൽഫിയേരിയുടെ നേതൃത്വത്തിൽ 10 വിദഗ്ധ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

ജെമെല്ലി ആശുപത്രിയിലെ സീനിയർ മാനേജ്മെൻ്റിനും ശസ്ത്രക്രിയാ വിദഗ്ധർക്കുമല്ലാതെ മറ്റു മെഡിക്കൽ സ്റ്റാഫിനോ രോഗികൾക്കോ ഫ്രാൻസീസ് പാപ്പയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 

2013 ൽ സഭാതലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഫ്രാൻസീസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.


Previous Post Next Post