കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവെച്ചിട്ടില്ല



തിരുവനന്തപുരം: കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളു. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിൽ പരിശോധിക്കും. ഇന്ത്യയിൽ മൂന്നിൽ രണ്ട് പേർക്ക് കോവിഡ് വന്നു. കേരളത്തിൽ പകുതിയിൽ താഴെ ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. ടിപിആർ ഉയർന്നു നിൽക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ കണക്കുകുറച്ച് കാണിക്കുന്നതുവഴി നഷ്ടപരിഹാരത്തിന് അർഹരായ ഒട്ടേറെപ്പേർക്ക് ആനുകൂല്യം നഷ്ടമാവുമെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ഐ.സി.എം.ആർ.) മാർഗനിർദേശമനുസരിച്ചാണ് മരണം കണക്കാക്കുന്നതെന്നാണ് സർക്കാർ അതിനോട് പ്രതികരിച്ചത്.


 
ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രിസൂപ്രണ്ടോ മരണകാരണം വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കണമെന്നും അത് ജില്ലാതലസമിതി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. എന്നാലിത് കാര്യക്ഷമമല്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേ തുടർന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാക്കിയിരുന്നു. ജൂൺ 15 മുതൽ ഇത് പ്രകാരം ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

Previous Post Next Post